ആന്ധ്രയിലും തമിഴ്‌നാട്ടിലും പൂജ്യം, മഹാരാഷ്ട്രയില്‍ 20 സീറ്റ്, ബി.ജെ.പി നൂറു തികയ്ക്കില്ല; അമിത് ഷായ്ക്ക് മറുപടിയുമായി മമതയുടെ 'എക്‌സിറ്റ് പോള്‍'

ബംഗാളില്‍ ബിജെപിയുമായുളള മത്സരം കനക്കുന്നതിനിടെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനം പ്രവചിക്കുന്ന റിപ്പോര്‍ട്ട് കാര്‍ഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് പോലും തികയ്ക്കില്ലെന്ന് മമത ബാനര്‍ജി പ്രവചിക്കുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 300ലധികം സീറ്റുകള്‍ നേടി ഭരണത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മമതയുടെ റിപ്പോര്‍ട്ട് കാര്‍ഡ്.

“ആന്ധ്രയില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ല. തമിഴ്നാട്ടില്‍ നിന്നും ബിജെപിക്ക് കിട്ടാന്‍ പോകുന്നത് പൂജ്യം സീറ്റുകളാണ്. മഹാരാഷ്ട്രയില്‍ 20 സീറ്റുകളിലേക്ക് ചുരുങ്ങും. ബിജെപിയുടെ 200 സീറ്റുകള്‍ നഷ്ടപ്പെട്ടു”- മമതയുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ നിന്നുളള ഒന്‍പതു മണ്ഡലങ്ങളും ജനവിധി തേടുന്നുണ്ട്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ബംഗാളിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തരിഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിപ്പിച്ചിരുന്നു.