അസം പ്രളയം; ദുരിതാശ്വാസ ഫണ്ടിലേക്ക് അരക്കോടി നൽകി മഹാരാഷ്ട്ര വിമതർ

അസം പ്രളയത്തിൽ വലയുന്ന ജനങ്ങൾക്ക് സഹായവുമായി മഹാരാഷ്ട്ര വിമത എംഎൽഎമാർ. 51 ലക്ഷം രൂപയാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിമത എംഎൽഎമാർ നൽകിയത്. പ്രളയ ദുരന്തത്തിനിടയിലും സുരക്ഷ സന്നാഹങ്ങളോടെ വിമത എംഎൽഎമാർ അസാമിലെ ആഡംബര ഹോട്ടലിൽ കഴിയുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് സഹായവുമായി എംഎൽഎമാർ രം​ഗത്തെത്തിയത്. അതേ സമയം, മഹാരാഷ്ട്രയിൽ കാര്യങ്ങൾ വിശ്വാസവോട്ടെടുപ്പിലേക്ക് അടുത്തതോടെ വിമത എംഎൽഎമാർ ഉടൻ ഗോവയിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്.

വിശ്വാസ വോട്ടിന് തയ്യാറാകാത്തതിനെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ ഇന്നലെ രാജിവെച്ചിരുന്നു. നാളെയാണ് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.

എം എൽ എ മാരുടെ അയോഗ്യത ഉൾപ്പെടെയുള്ള കേസുകൾ സുപ്രീംകോടതി പരിഗണനയിൽ നിൽക്കുന്നത് കൊണ്ട് അതിന്റെ വിധി വന്നതിന് ശേഷമേ ഈ വിഷയത്തിൽ അന്തിമ തീർപ്പുണ്ടാകുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

പതിനാറ് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന കേസ് ആണ് സുപ്രീംകോടതിയില്‍ ഇപ്പോഴുള്ളത് . ആ കേസില്‍ സുപ്രിം കോടതി വിധി പിന്നീട് വരികയുള്ളു. അതേ സമയം ബി ജെ പി പിന്തുണ കൂടി ചേരുമ്പോള്‍ വിമത ശിവസേന ഗ്രൂപ്പിന് നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.