ജയലളിതയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി തള്ളി

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐയും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്നു നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.

സിബിഐ അന്വേഷിച്ച് മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ആര്‍. ആര്‍. ഗോപാല്‍ജി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ടി. രാജയും ജസ്റ്റീസ് ഡി.കൃഷ്ണകുമാറും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2016 ലാണ് ജയലളിതയുടെ മരണം. ജയലളിതയുടെ മരണത്തില്‍ വിവാദമുയര്‍ന്നതോടെ 2017ല്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയായ അറുമുഖസാമിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അന്വേഷണത്തിന് നിയമിച്ചിരുന്നു.

ഈ കമ്മീഷന്‍ അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചത്. ജയലളിതയുടെ മരണത്തില്‍ തോഴി ശശികല, ജയലളിതയുടെ പഴ്‌സണല്‍ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഡോ. രാമ മോഹന റാവു, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് എ. അറുമുഖസാമി കമ്മീഷന്‍ 608 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.