ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂണിഫോമുകള്‍ ഏകീകരിച്ചു; ഹിജാബ് ഇല്ലെന്ന് മുസ്ലീം മതസംഘടനകള്‍. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്ന് മുഹമ്മദ് ഫൈസല്‍ എംപി

ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ പുതിയ യൂണിഫോമില്‍ ഹിജാബ് ഇല്ലെന്ന് മുസ്ലീം മതസംഘടനകള്‍. യൂണിഫോമില്‍ ബെല്‍റ്റ്, ടൈ, ഷൂസ്, സോക്സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെപറ്റി പരാമര്‍ശിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെണ്‍കുട്ടികള്‍ക്ക് ഹിജാബോ സ്‌കാര്‍ഫോ സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്തതാണ് ഇത്തരം ഒരു വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂര്‍ണ നിരോധനമുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ എംപിയും പറഞ്ഞു.

സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഇന്നലെ നല്‍കിയ സര്‍ക്കുലറില്‍ സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം ധരിക്കുന്നതില്‍ ഏകത ഉറപ്പാക്കുമെന്നും വിദ്യാര്‍ഥികളില്‍ അച്ചടക്കമനോഭാവം വളര്‍ത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

നിശ്ചിത യൂണിഫോം പാറ്റേണ്‍ അല്ലാതെ മറ്റ് ഇനങ്ങള്‍ ധരിക്കുന്നത് സ്‌കൂള്‍ കുട്ടികളിലെ ഏകതാ സങ്കല്‍പ്പത്തെ ബാധിക്കും. സ്‌കൂളുകളില്‍ അച്ചടക്കവും ഒരേ ഡ്രസ് കോഡും നിലനിര്‍ത്തേണ്ടത് പ്രിന്‍സിപ്പല്‍മാരുടെയും സ്‌കൂള്‍ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍, ഈ സര്‍ക്കുലറില്‍ സ്‌കാര്‍ഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമര്‍ശമില്ലെന്നും ഇത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ ദ്വീപുകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ അവരുടെ അവകാശങ്ങള്‍ അനുവദിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും എം.പി വ്യക്തമാക്കി.