കെ. വി തോമസ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത്; സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് വിശദീകരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ വി തോമസ് സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നു. കോണ്‍ഗ്രസിനകത്ത് തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി നേരത്തെ അദ്ദേഹം പ്രകടമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് കെ വി തോമസ്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും, കാലങ്ങളായുള്ള സൗഹൃദമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അരമണിക്കൂര്‍ നീണ്ട സിതാറാം യെച്ചൂരുയി, പ്രകാശ് കാരാട്ട് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കെ വി തോമസിന്റെ പ്രതികരണം. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചയില്ലെന്നും കെ വി തോമസ് പറഞ്ഞു.

സിപിഐഎം അവൈലബില്‍ പോളിറ്റ് ബ്യൂറോ നടക്കാനിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കെ.വി തോമസ് സിപിഐഎം ആസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് നേതാക്കളോടുള്ള അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെ പി സി ചാക്കോയുടെ വഴിയെ എന്‍സിപിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു.

സിപിഐഎം നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് മുന്‍ എംപി കൂടിയായ പ്രൊഫ. കെ വി തോമസ്. ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ എന്ന് പറയാനാകില്ലെങ്കിലും, കോണ്‍ഗ്രസിലെ അവഗണന സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്താല്‍ അദ്ദേഹം കരുതിക്കൂട്ടിയാകണം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തെത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിരീക്ഷണം.

പതിവ് വേഷം ഉപേക്ഷിച്ച് നീല ടീഷര്‍ട്ടും, പാന്റും ധരിച്ചായിരുന്നു കേന്ദ്ര കമ്മിറ്റി ഓഫിസിലെത്തിയത്. ഢല്‍ഹിയില്‍ സാധാരണ കേരള ഹൗസിലാണ് അദ്ദേഹം പൊതുവേ നേതാക്കളുമായി കൂടിക്കാഴ്ച നടത്താറ്. എന്നാല്‍ ഇത്തവണത്തെ സന്ദര്‍ശനം തികച്ചും സ്വകാര്യമായാണ്.