കേരളം പിടിക്കണം; ചുമതല പ്രകാശ് ജാവദേക്കറിനെ ഏല്‍പ്പിച്ച് ബി.ജെ.പി

കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നടപടിയെടുത്ത് കേന്ദ്രം. സംസ്ഥാനത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ഏല്‍പിച്ചിരിക്കുകയാണ് ബി.ജെ.പി. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വേരിറക്കാനുള്ള തന്ത്രങ്ങളാണ് ് ബി.ജെ.പി മെനയുന്നത്. കേരളത്തിനു പുറമെ 15ഓളം സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനുള്ള നേതാക്കളുടെ പട്ടികയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പുറത്തുവിട്ടിട്ടുണ്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ കേരളത്തിലെത്തുന്നത്. രാജ്യസഭാ അംഗം ഡോ. രാധാമോഹന്‍ അഗര്‍വാളാണ് സഹപ്രഭാരി. ലക്ഷദ്വീപിന്റെ ചുമതല കൂടി രാധാമോഹന്‍ വഹിക്കും. എ.പി അബ്ദുല്ലക്കുട്ടിക്ക് പകരക്കാരനായാണ് രാധാമോഹനെ ലക്ഷദ്വീപിന്റെ പ്രഭാരിയായിരിക്കുന്നത്.

കേരളത്തില്‍ ക്രിസ്ത്യന്‍വോട്ടുകള്‍ പിടിച്ചെടുക്കാനായാല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടാക്കാനായിട്ടില്ലെന്നാണ് അടുത്തിടെ കേന്ദ്രമന്ത്രിമാരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടൊപ്പം ഹിന്ദു വോട്ട് ഏകീകരിക്കുന്ന കാര്യത്തിലും വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയപ്പോഴും സംസ്ഥാനത്ത് പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ആലോചനയുണ്ടായതായാണ് വിവരം.

കേരളത്തിനും ലക്ഷദ്വീപിനും പുറമെ ബിഹാര്‍, ഛത്തീസ്ഗഢ്, ദാദ്ര നഗര്‍ ഹവേലി, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഹരിയാനയുടെ പ്രഭാരി. മുരളീധര്‍ റാവുവിനാണ് മധ്യപ്രദേശിന്റെ ചുമതല.

പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗള്‍ പാണ്ഡെക്കും നല്‍കി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാര്‍. ഡോ. സംബിത് പത്രയ്ക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ബിഹാറില്‍ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് ടാവ്ഡെയെയാണ് നിയമിച്ചിരിക്കുന്നത്. മഹേഷ് ശര്‍മ(ത്രിപുര), ലക്ഷ്മികാന്ത് വാജ്പെയ്(ജാര്‍ഖണ്ഡ്) എന്നിങ്ങനെയും പേരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.