അച്ഛന് കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കി; പിന്നാലെ തനിക്കെതിരെ മകന്‍ വിമര്‍ശനം നടത്തി; സുപ്രീംകോടതി ജഡ്ജിക്കെതിരേ വെളിപ്പെടുത്തലുമായി ഗവര്‍ണര്‍

സുപ്രീംകോടതി മുന്‍ ജഡ്ജിക്കെതിരേ കേരള ഗവര്‍ണര്‍ നടത്തിയ ഗുരുതര ആരോപണം വിവാദത്തില്‍. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനം ഉയര്‍ത്തിയ സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനെതിരേയാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അച്ഛനും സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാനും ജൂനിയര്‍ അഭിഭാഷകര്‍ക്കും നിയമോപദേശത്തിനായി കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കിയെന്നും ഇതിന് പിന്നാലെയാണ് വിമര്‍ശം ഉണ്ടായതെന്നുമാണ് ഗവര്‍ണര്‍ വാദിക്കുന്നത്. തുക കൈമാറിയതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം പ്രദര്‍ശിപ്പിച്ചായിരുന്നു ഇത്. എന്നാല്‍, ഗവര്‍ണറുടെ ഈ നിലപാട് സുപ്രീംകോടതിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അച്ഛനായ ഫാലി എസ്. നരിമാന്‍ കേരള സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റുമ്പോള്‍ അതേ സര്‍ക്കാരിനെതിരേ കേസ് നടത്തുന്ന ഗവര്‍ണര്‍ക്കെതിരേ മകന്‍ റോഹിങ്ടണ്‍ നരിമാന്‍ ആക്ഷേപം ഉയര്‍ത്തുന്നു. ഇത് സ്വാഭാവികനീതിക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. കേസില്‍ ഹാജരാവാതെയാണ് ഫാലി എസ്. നരിമാന്‍ കേരള സര്‍ക്കാരില്‍നിന്ന് പണം വാങ്ങിയതെന്നും അദേഹം ചെന്നൈയില്‍ ‘തിങ്ക് എജു കോണ്‍ക്ലേവി’ല്‍ പങ്കെടുത്തുകൊണ്ടാണ് പറഞ്ഞത്. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ആശങ്ക പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാരിന് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന വിഷയങ്ങളിലുള്ള ബില്ലുകളാണ് ഒപ്പിടാതെ മാറ്റിവച്ചതെന്ന് ഗവര്‍ണര്‍ ന്യായീകരിച്ചു.