ഗുജറാത്ത് പിടിക്കാൻ കെജ്‌രിവാള്‍; ബി.ടി.എസുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി

ഉജ്വല വിജയത്തിലൂടെ പഞ്ചാബിലെ കോണ്‍ഗ്രസ് കോട്ട തകര്‍ത്ത ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കുന്നതിന് വേണ്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തിലെ ആദ്യ പൊതു പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

ആദിവാസി മേഖലയില്‍നിന്നാണ് ആദ്യ പൊതുപരിപാടി. ബറൂച്ചില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് കെജ്‌രിവാള്‍ പങ്കെടുത്തത്. ആദിവാസി വോട്ടുകള്‍ ലക്ഷ്യം വെച്ച് ഇതിനോടകം ആദിവാസി സംഘടനയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബി.ടി.പി)യുമായി എ.എ.പി സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ആദിവാസി സങ്കല്‍പ മഹാസമ്മേളനം’എന്ന പേരില്‍ ബറൂച്ചില്‍ നടന്ന പരിപാടിയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുതലാളിത്ത സമീപനങ്ങള്‍ കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി.

രാജ്യത്തെ രണ്ട് അതിസമ്പന്നര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. രാജ്യത്തെ അതിദരിദ്രരും ഗുജറാത്തില്‍ തന്നെയാണുള്ളത്. ബിജെപിയും കോണ്‍ഗ്രസും സമ്പന്നര്‍ക്കൊപ്പമാണുള്ളത്. അവരെ കൂടുതല്‍ സമ്പന്നരാക്കുകയാണ്. എന്നാല്‍ കെജ്‌രിവാളും എഎപിയും പാവങ്ങള്‍ക്കുമൊപ്പമാണ്. ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കിയാല്‍ നിങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കും. ആശുപത്രികള്‍ നിര്‍മ്മിക്കുകയും തൊഴില്‍ നല്‍കുകയും ചെയ്യുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഗുജറാത്തില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചും ബിജെപി വോട്ടുകള്‍ ഭിന്നിപ്പിച്ചും കൃത്യമായി ആസൂത്രണത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എഎപിയുടെ നീക്കം.