കര്‍ണാടക ഹിജാബ് വിവാദം: ഹര്‍ജികളില്‍ ഇന്ന് വാദം തുടരും, സ്‌കൂളുകള്‍ തുറക്കും, നിരോധനാജ്ഞ

കര്‍ണാടക ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കല്‍ തുടരും. വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ അടച്ചിട്ട സ്‌കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും തുറക്കും. കര്‍ശന സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉഡുപ്പിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മണി മുതല്‍ ശനിയാഴ്ച വൈകിട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ. സ്‌കൂള്‍ കോമ്പൗണ്ടിന് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടം, പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍ എന്നിവ നിരോധിച്ചു. മംഗളൂരുവിലും ഈ മാസം 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് കര്‍ണാടക ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹിജാബ് സമരം ആരംഭിച്ചത്. വിഷയം പിന്നീട് വിവാദമാവുകയും മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്തു.

Read more

അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ അറിയിച്ചിരുന്നു. കാവി ഷാള്‍, സ്‌കാര്‍ഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കുന്നതിന് വിലക്കുണ്ട്. ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.