കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി; കൂടെ നിര്‍ണായക നിരീക്ഷണവും

ബിനീഷ് കോടിയേരി പ്രതിയായ കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്ത കര്‍ണാടക ഹൈക്കോടതി. ബിനീഷിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.

ലഹരിക്കടത്ത് കേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷിനെതിരെ നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ല.

ലഹരിക്കടത്തുകേസില്‍ ബിനീഷ് പ്രതിയല്ലെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇഡി ആരോപിച്ചിരുന്നു.

അനൂപ് മുഹമ്മദിനെ ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടോ എന്നായിരുന്നു ഇഡി പരിശോധിച്ചത്. ചോദ്യം ചെയ്തതില്‍ ഇരുവരുടെയും മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് ഇഡി പറയുന്നത്.

2020 ഒക്ടോബര്‍ 29ന് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി നാടകീയമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.