ലഘുലേഖ വിതരണം ചെയ്തവര്‍ ജയിലില്‍; ക്രൈസ്തവ വേട്ടയുമായി കര്‍ണാടക സര്‍ക്കാര്‍; രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ്

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് നേരെ പ്രയോഗിച്ച് ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍. ലഘുലേഖകള്‍ വിതരണം ചെയ്ത മതവിശ്വാസികള്‍ക്കടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബൊമ്മൈ സര്‍ക്കാരിന്റെ ഈ നടപടികള്‍ക്കെതിരെ കര്‍ണാടകയിലെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

മാണ്ഡ്യ താലൂക്കിലെ കെ.എം ദൊഡ്ഡിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് ആരോപിച്ച് ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു. ഇവര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലഘുലേഖകള്‍ വിതരണം ചെയ്തവര്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്. സെപ്റ്റംബര്‍ 30നാണ് സംസ്ഥാനത്ത് മതംമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്.

നിയമം ക്രിസ്ത്യാനികള്‍ക്കു നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നുമാണ് ബംഗളൂരു ആര്‍ച് ബിഷപ് പീറ്റര്‍ മച്ചോഡോ പറയുന്നത്. ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയാണ് ലക്ഷ്യംവെക്കുന്നതെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു.

കര്‍ണാടകയില്‍ ക്രൈസ്തവര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന വിധത്തില്‍ പുകമറ സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ആ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ണാടകയിലെ ക്രൈസ്തവരുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

2001 ലെ സെന്‍സസ് അനുസരിച്ച് കര്‍ണാടകയിലെ ക്രൈസ്തവരുടെ ജനസംഖ്യ 1.91 ശതമാനമായിരുന്നെങ്കില്‍ 2011 ല്‍ അത് 1.87 ആയി കുറഞ്ഞിരിക്കുകയാണ്. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. നിലവില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 11.43 ലക്ഷം (1.87 ശതമാനം) ആണെന്ന് ക്രൈസ്ത സംഘടനകള്‍ വ്യക്തമാക്കി.