ചെന്നിത്തലയെ വെട്ടാനിറങ്ങിയ കെ.സിക്ക് പണി പാളുമോ ? ; സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയേക്കും

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ അഴിച്ചുപണിയില്‍ സംഘടനാ സെക്രട്ടറി കെ സി വേണ്ടുഗോപാലിനെ മാറ്റാന്‍ സാധ്യത. സംഘടനാ സെക്രട്ടറി പദവിയിലെത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം കണക്കിലെടുത്താണ് ദേശീയ നേതൃത്വത്തിന് നേതാക്കള്‍ പരാതി നല്‍കിയത്. കെ സി വേണുഗോപാലിന്റെ ഇടപെടല്‍ പല സംസ്ഥാനങ്ങളിലും പ്രശ്‌നം രൂക്ഷമാക്കിയെന്ന് നേതാക്കള്‍ ആരോപിക്കുന്നു. അതിനിടെ കേരളത്തില്‍ നിന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലെത്തുന്നത് തടയാന്‍ വേണുഗോപാല്‍ കരുക്കള്‍ നീക്കിയെന്നും പരാതിയുണ്ട്.

ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താനുള്ള അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. അതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളില്‍ പലതിലും കാര്യമായ മാറ്റം ഉണ്ടാകും. കേരളത്തില്‍ കെ സുധാകരനെ അധ്യക്ഷനാക്കിയത് അതിന്റെ ഭാഗമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, അസം തുടങ്ങി കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ അഴിച്ചുപണി നടത്തിയത്. ഗോവയിലും, ആന്ധ്രയിലും ഉടന്‍ പാര്‍ട്ടി സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാനാണ് നീക്കം. എല്ലാ സംസ്ഥാനങ്ങളിലും പ്രസിഡന്റിന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.

ദേശീയ നേതൃത്വത്തിലും ഇത്തരത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട രമേശ് ചെന്നിത്തലയെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാനാണ് സാധ്യത. ഗുലാംനബി ആസാദ്, കമല്‍നാഥ്, കുമാരി ഷെല്‍ജ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച മാതൃകയില്‍തന്നെ രാജസ്ഥാനില്‍ അശോക് ഗെഹലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.