പാർട്ടി പരിപാടികൾക്കോ റാലികൾക്കോ ക്ഷണിച്ചിരുന്നില്ല, നോട്ടീസ് ലഭിച്ചതിൽ അത്ഭുതം തോന്നി; കാരണംകാണിക്കല്‍ നോട്ടീസിന് മറുപടിയുമായി ജയന്ത് സിന്‍ഹ

ബിജെപിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജാർഖണ്ഡ് എംപിയും മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകനുമായ ജയന്ത് സിൻഹ. പാർട്ടി പരിപാടികൾക്കോ റാലികൾക്കോ ക്ഷണിച്ചിരുന്നില്ല എന്നും അതുകൊണ്ടാണ് പ്രചാരണത്തിൽ പങ്കെടുക്കാതിരുന്നതെന്നും ജയന്ത് സിൻഹ വ്യക്തമാക്കി. അതേസമയം എന്തുകൊണ്ട് പ്രചാരണത്തിൽ പങ്കെടുത്തില്ല എന്നൊക്കെ ചോദിച്ച് നോട്ടീസ് ലഭിച്ചതിൽ അത്ഭുതം തോന്നിയെന്നും അദ്ദേഹം നൽകിയ മറുപടിയിൽ പറയുന്നു. രണ്ട് പേജിലായിരുന്നു ജയന്ത് സിൻഹയുടെ മറുപടി.

താൻ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് പാർട്ടി ആഗ്രഹിച്ചിരുന്നെങ്കിൽ, തീർച്ചയായും എന്നെ ബന്ധപ്പെടാമായിരുന്നു എന്നും എന്നാൽ ഝാർഖണ്ഡിൽ നിന്നുള്ള ഒരു മുതിർന്ന നേതാവും തന്നെ സമീപിച്ചില്ലെന്നും പാർട്ടി പരിപാടികൾക്കോ റാലികൾക്കോ ക്ഷണിച്ചിരുന്നില്ലെന്നും സിൻഹ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മെയ് 1 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള റാലിയിലേക്ക് മനീഷ് ജയസ്വാൾ ക്ഷണിച്ചിരുന്നു. ഏപ്രിൽ 30 നായിരുന്നു ക്ഷണം. വൈകിയുള്ള അറിയിപ്പ് കാരണം തനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെന്നും സിൻഹ പറഞ്ഞു. മെയ് 2 ന് ഹസാരിബാഗിലേക്ക് പോകേണ്ടിയിരുന്നതിനാൽ അദ്ദേഹത്തിന്റെ വസതിയിൽ ആശംസകൾ അറിയിക്കാൻ ചെന്നെങ്കിലും ജയ് സ്വാൾ അവിടെ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തെ ആശംസകൾ അറിയിച്ചു മടങ്ങിയെന്നും സിൻഹ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്‌തില്ല എന്നീ കാരണങ്ങൾ കാണിച്ച് ജയന്ത് സിൻഹയോട് പാർട്ടി വിശദീകരണം തേടിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിത്യ സാഹുവാണ് ജയന്ത് സിൻഹയ്ക്ക് നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടർന്നാണ് ജയന്ത് സിൻഹ ഇപ്പോൾ നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്.

Read more