'ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അല്ല, രാജ്യത്തിന് സ്വാതന്ത്ര്യം നേരത്തേ ലഭിച്ചിരുന്നു'; വിവാദ പ്രസംഗത്തില്‍ മഹാത്മാ ഗാന്ധിയേയും പരിഹസിച്ച് ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവല്ലെന്ന് ബിജെപി എംഎല്‍എയും മുന്‍ കേന്ദ്ര മന്ത്രിയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണെന്നാണ് ബിജെപി എംഎല്‍എയുടെ അവകാശ വാദം. കര്‍ണാടകയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍.

പ്രസംഗത്തിനിടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബിജെപി എംഎല്‍എ പരിഹസിച്ചു. ഒരു കവിളത്ത് അടിച്ചാല്‍ മറ്റേ കവിളും കാണിച്ചുകൊടുക്കണമെന്ന വാക്കുകള്‍ കേട്ടിട്ടോ നിരാഹാര സമരം നടത്തിയതിനാലോ അല്ല രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. നേതാജി സുഭാഷ്ചന്ദ്ര ബോസ് സൃഷ്ടിച്ച ഭയം കാരണമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്നും ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍ ആരോപിച്ചു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരത്തേ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. നേരത്തേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സ്വന്തമായ കറന്‍സിയും പതാകയും ദേശീയഗാനവുമെല്ലാം ഉണ്ടായിരുന്നതായി ബിജെപി എംഎല്‍എ പറഞ്ഞു. അതിനാലാണ് നെഹ്‌റുവല്ല നേതാജി സുഭാഷ് ചന്ദ്ര ബോസാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് താന്‍ പറയാന്‍ കാരണമെന്നും യത്‌നാല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ബസന്‍ഗൗഡ പാട്ടീല്‍.