ജഗന്‍ മോഹന്‍ റെഡ്ഡി മാനസിക രോഗിയെപ്പോലെ പെരുമാറുന്നു; ആന്ധ്ര മുഖ്യമന്ത്രി നടപ്പിലാക്കുന്നത് ജനവിരുദ്ധ നയങ്ങള്‍: ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജഗന്‍ മോഹന്‍ റെഡ്ഡിയും തമ്മിലുള്ള പോര് കനക്കുന്നു.ജഗന്‍ ഒരു മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു.

“വൈ. എസ്.ആര്‍.സി.പി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നു. മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ അനാവശ്യമായി നിയമവിരുദ്ധവുമായ കേസുകള്‍ ഫയല്‍ ചെയ്യുന്നു. പോലീസ് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.എന്നോട് മാന്യമായി പെരുമാറുന്നവരോട് ഞാനും മാന്യമായാണ് പെരുമാറുന്നത്. പക്ഷേ ജഗന്റെ പെരുമാറ്റം ഒരു മാനസിക രോഗിയുടേതുപോലെയാണ്” ചന്ദ്രബാബു നായിഡു പറഞ്ഞു.
സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുകയാണ്. ഇത് നല്ലതിനല്ല. നായിഡു പറഞ്ഞു.

വൈ.എസ്.ആര്‍.കോണ്‍ഗ്രസ് ഭരണം വളരെ മോശമാണ്. പാര്‍ട്ടി നേതാക്കള്‍ “ജഗ്ഗന്‍ ടാക്സ്” പിരിക്കുകയാണ്. ഞാന്‍ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ട്.
ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും നായിഡു പറഞ്ഞു.വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം.

ജഗന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്ന് മുമ്പും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധ റാലി നടത്താന്‍ തുനിഞ്ഞ ചന്ദ്രബാബു നായിഡുവും മകന്‍ നര ലോകേഷും അടക്കമുള്ള നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു.