IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

ശ്രേയസ് അയ്യർ നയിക്കുന്ന, രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. അഞ്ച് വിജയങ്ങളും മൂന്ന് തോൽവികളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള യാത്രയിലാണ്.

ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെ (ഡിസി) നേരിടാൻ പോകുകയാണ് കൊൽക്കത്ത. ടൂർണമെൻ്റിൻ്റെ 47-ാം മത്സരത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി, കെകെആർ നായകൻ ശ്രേയസ് അയ്യർ തന്നെ കളിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് സംസാരിച്ചു.

“നിങ്ങൾ കളത്തിൽ മറുവശത്തായിരിക്കുമ്പോൾ, നിങ്ങളുടെ വയറ്റിൽ ചിത്രശലഭങ്ങൾ ഉണ്ടാകുന്ന പോലെ തോന്നുമെന്ന് ഞാൻ നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. നിങ്ങൾ എപ്പോഴും ആൾക്കൂട്ടത്തെയും സാഹചര്യത്തെയും കുറിച്ച് ചിന്തിക്കുന്നു, എന്ത് സംഭവിക്കും എന്നതാകും തോന്നൽ” അയ്യർ പറഞ്ഞു

“നിങ്ങൾ ഗ്രൗണ്ടിലേക്ക് കാലുകുത്തുമ്പോൾ പിന്നെ കുറെ സമയത്തേക്ക് എല്ലാം ശൂന്യമായി തോന്നും. എന്നാൽ പതുകെ പതുകെ സോണിൽ എത്തി കഴിയുമ്പോൾ ആളുകളുടെ ആഹ്ളാദവും സിക്‌സും ഫോറം വേണം എന്നുള്ള ഒച്ചയുമൊക്കെ കാതിൽ മുഴങ്ങും. അത് നിങ്ങൾക്ക് അറിയാതെ നൽകുന്ന ഊർജം വലുതായിരിക്കും.” അയ്യർ പറഞ്ഞു.