''ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സച്ചിന്‍ പൈലറ്റാവുക എന്നത് അത്ര എളുപ്പമല്ല''

ഹരി മോഹൻ

റോയിട്ടേഴ്സിലെ മുന്‍ മാധ്യമ പ്രവര്‍ത്തകനായ മാധവന്‍ നാരായണന്‍ ഒരിക്കല്‍ എഴുതിക്കണ്ടിട്ടുണ്ട്, “”ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സച്ചിന്‍ പൈലറ്റാവുക എന്നത് അത്ര എളുപ്പമല്ല”” എന്ന്. സച്ചിനെ കുറിച്ചു ഞാന്‍ കണ്ട എക്കാലത്തെയും കൃത്യമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റാണിത്.

ഹിമാന്ത ബിശ്വ ശര്‍മയും ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്നപ്പോള്‍ അത്ര വലിയ ഞെട്ടലൊന്നുമുണ്ടായിട്ടില്ല. കശ്മീരടക്കം ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പല നിലപാടുകളോടും കോണ്‍ഗ്രസില്‍ ഇരുന്നുകൊണ്ടു തന്നെ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് സിന്ധ്യ. ജന്മം മുതല്‍ സിന്ധ്യ കുടുംബത്തിന്റെ രാജകീയ പ്രൗഢി കണ്ടും അനുഭവിച്ചുമാണ് ജ്യോതിരാദിത്യ സിന്ധ്യ വളര്‍ന്നത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ സിന്ധ്യയുടെ കാല്‍ തൊടാന്‍ ഓടിയെത്തുന്ന ജനങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പണ്ടു രാജാക്കന്മാര്‍ ധരിച്ചിരുന്ന അറ്റം മുകളിലേക്കു വളഞ്ഞ വള്ളം കണക്കെയുള്ള ചെരിപ്പിട്ട്, അതൊക്കെയും ആസ്വദിക്കുന്നൊരു രാജഭരണത്തിന്റെ നിഴല്‍ അയാളുടെ ചിരിയില്‍ പ്രകടവുമായിരുന്നു. അടിമുടി സംഘപരിവാര്‍ രാഷ്ട്രീയത്തിനു യോജിച്ച വേഷവിധാനങ്ങളും മനോനിലയും അയാളിലുണ്ടായിരുന്നു എല്ലാക്കാലത്തും.

പക്ഷേ ഗുജ്ജാര്‍ സമുദായത്തില്‍ ജനിച്ച്, പാല്‍ വിറ്റ് വളര്‍ന്ന്, പിന്നീട് വ്യോമസേനയിലും അവിടുന്നു കേന്ദ്ര മന്ത്രിസഭയിലുമെത്തിയ രാജേഷ് പൈലറ്റിന്റെ മൂത്തമകന്‍ അങ്ങനെയായിരുന്നില്ല ഒരു കാലത്തും.

ഹിന്ദി ബെല്‍റ്റില്‍ ഒരു രാഷ്ട്രീയ നേതാവിനെ പോലും വെറുതെ വിടാത്ത ഒന്നുണ്ട്, ജാതിരാഷ്ട്രീയം. ഏതുതരം രാഷ്ട്രീയം സംസാരിച്ചാലും തിരഞ്ഞെടുപ്പു കാലത്ത് അയാളുടെ പേരിനൊപ്പം ജാതി പറഞ്ഞു കേള്‍ക്കും. അവിടെ നിന്നാണു പിന്നീട് വിജയശതമാനം കണക്കാക്കുക. പക്ഷേ രാജേഷ് അങ്ങനെയായിരുന്നില്ല. വ്യോമസേനാ കാലത്തു തന്നെ രാജേഷ് ബിധൂരി എന്ന പേരിലെ ബിധൂരിയെന്ന സമുദായ പേരെടുത്തു മാറ്റിയ രാജേഷ് അവിടെ ചേര്‍ത്തത് പൈലറ്റെന്നാണ്. വ്യോമസേനയിലെ പഴയ പൈലറ്റ് രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും അത് ഉപേക്ഷിച്ചില്ല. പക്ഷേ സാമൂഹികമായി അടിച്ചമര്‍ത്തല്‍ നേരിടുന്ന ഗുജ്ജാര്‍ അടക്കമുള്ള സമുദായങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അയാള്‍ക്ക് ഒരു കാലത്തും മടിയുണ്ടായിട്ടുമില്ല. അതങ്ങനെത ന്നെ സച്ചിനും പിന്തുടര്‍ന്നു. 2009-ല്‍ തന്റെ സമുദായമായ ഗുജ്ജറുകള്‍ക്കു സ്വാധീനമില്ലാത്ത അജ്മേറില്‍ നിന്നാണയാള്‍ മത്സരിച്ചു വിജയിച്ചു ലോക്സഭയിലെത്തിയത്. 2014-ല്‍ പരാജയപ്പെട്ടപ്പോള്‍ ദേശീയ രാഷ്ട്രീയം വിട്ട് രാജസ്ഥാനില്‍ സജീവമാകാന്‍ തീരുമാനിച്ചത് എത്രമേല്‍ വലിയ റിസ്കായിരുന്നു. പറഞ്ഞുവന്നത് മാധവന്‍ നാരായണന്‍ പറഞ്ഞതിലേക്കു തന്നെയാണ്. അങ്ങനെ ഒരു വാര്‍പ്പു മാതൃകയിലും അയാളെ അത്ര പെട്ടെന്നു തളച്ചിടാനാകില്ല.

അയാളുമായി താരതമ്യം ചെയ്യാനൊരാളുണ്ടെങ്കില്‍ എനിക്കതു രണ്ടു പേരാണ്. ആദ്യത്തേയാള്‍ രാഹുല്‍ ഗാന്ധിയാണ്. പുറംലോകത്തിന് അവരിരുവരും പ്രിവിലേജുകളില്‍ വളര്‍ന്നവരാണ്, അഭിരമിക്കുന്നവരാണ്. ശരിയാണ്. രാഹുലിന് അത് നെഹ്റു കുടുംബമാണെങ്കില്‍ സച്ചിനത് രാജേഷാണ്. എത്രകണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലുണ്ടെങ്കിലും ഡൈനാസ്റ്റി പൊളിറ്റിക്സ് എന്ന ആരോപണം അവിടെ നിലനില്‍ക്കും. നില്‍ക്കട്ടെ. എങ്കിലും വെറുതെയൊന്നു നോക്കുക.

1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാഹുലിനു പ്രായം 21. രണ്ടായിരത്തില്‍ രാജേഷ് വാഹനാപകടത്തില്‍ മരിക്കുമ്പോള്‍ സച്ചിന് 23. അത്ര എളുപ്പമാണെന്നു തോന്നുന്നുണ്ടോ 2020 വരെയെത്തി നില്‍ക്കുമ്പോള്‍? എനിക്കങ്ങനെ തോന്നുന്നില്ല. 2004-ല്‍ ഇരുവരും ഒന്നിച്ചാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. സഭയില്‍ അടുത്തടുത്ത സീറ്റുകളില്‍. അഞ്ചുവര്‍ഷം സഭാ സമ്മേളനങ്ങളില്‍ നിരന്തരം അവര്‍ സംസാരിച്ചു. അവിടെ നിന്നാണു പതിയെ 10 വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ പഴയ പടക്കുതിരകളില്‍ നിന്ന് കോണ്‍ഗ്രസിനെ യുവത്വം ആവേശിച്ചു തുടങ്ങിയത്.

സച്ചിനുമായി ഏറെക്കുറേ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയുണ്ട്. സുപ്രിയ സുലെ. രാഹുലിന്റേതു പോലല്ല, ഈ താരതമ്യം മറ്റൊരു രീതിയിലാണ്. ലാലു പ്രസാദ് യാദവ് ഇന്നു ജയിലില്‍ കിടന്നു വിലപിക്കുന്നുണ്ടെങ്കില്‍ അതു മകന്‍ തേജസ്വിയെ കുറിച്ച് ഓര്‍ത്താവും. ആ തേജസ്വിയോ മുലായത്തിനപ്പുറം എത്താന്‍ കഴിയാതെ ഇന്നും എവിടെയോ നില്‍ക്കുന്ന അഖിലേഷോ അല്ല, ഡൈനാസ്റ്റി പൊളിറ്റിക്സിനു പുറത്തിറങ്ങി വന്നു സ്വന്തം ഇടമുണ്ടാക്കിയ സുപ്രിയ സുലെയാവും സച്ചിനോട് ഉപമിക്കാന്‍ പറ്റിയ മറ്റൊരാള്‍. സുപ്രിയയുടെ അച്ഛന്‍ ശരദ് പവാര്‍ എന്നാവും കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം പറയേണ്ടി വരിക.

സച്ചിനെ കുറിച്ചു തുടരാം. സച്ചിന്‍ ലോക്സഭയിലെത്തിയ അതേവര്‍ഷം തന്നെയാണ്, 27-ാം വയസ്സില്‍ അയാളുടെ വിവാഹം വലിയ ചര്‍ച്ചയാകുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകള്‍ സാറാ അബ്ദുള്ളയുമായുള്ള പ്രണയവും വിവാഹവും രാഷ്ട്രീയത്തേക്കാളുപരി ചര്‍ച്ച ചെയ്തതു മതമായിരുന്നു. അച്ഛന്റെ മരണശേഷം രാഷ്ട്രീയത്തില്‍ പിച്ചവെച്ചു തുടങ്ങിയ യുവനേതാവിന്റെ പരീക്ഷണഘട്ടങ്ങളിലൊന്ന്.

ഇവിടെ നിന്നാണ് അയാള്‍ 27-ാം വയസ്സില്‍ ലോക്സഭാംഗം, 32-ാം വയസ്സില്‍ കേന്ദ്രമന്ത്രി, 37-ാം വയസ്സില്‍ ദേശീയപാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍, 40-ാം വയസ്സില്‍ ഉപമുഖ്യമന്ത്രി എന്നിങ്ങനെ സച്ചിനപ്പുറം മറ്റൊരാള്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്തയിടങ്ങളിലെത്തിയത്. അതിനേക്കാളുപരിയായി, 2018-ല്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി- ഷാ പ്രചാരണത്തെ നേരിട്ട്, രാജസ്ഥാനില്‍ ബി.ജെ.പിയെ താഴെയിറക്കിയത് ഈ 41-കാരനായ സംസ്ഥാന അദ്ധ്യക്ഷനാണ്. പക്ഷേ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും സംസ്ഥാനാ അദ്ധ്യക്ഷന്മാര്‍ മുഖ്യമന്ത്രിമാരായപ്പോള്‍ രാജസ്ഥാനില്‍ സച്ചിനെ കാത്തിരുന്നത് ഉപമുഖ്യമന്ത്രി പദമായിരുന്നു.

ഇവിടെത്തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങളാണ് ഗെലോട്ടുമായി ഭിന്നതയുണ്ടാക്കുന്നത്. പക്ഷേ ഇവിടെ സിന്ധ്യയെ പുറത്താക്കിയതു പോലൊരു നടപടിയിലേക്ക് കോണ്‍ഗ്രസ് പോയിട്ടില്ല. ഒഴിവാക്കിയതു പദവികളില്‍ നിന്നു മാത്രമാണ്. ഇതിനിടയിലും സച്ചിന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത് ഒരു കാര്യമാണ്, “ഒരിക്കലും ബി.ജെ.പിയിലേക്കില്ല” എന്ന്. പക്ഷേ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അയാളെ വിട്ടില്ല.

കോണ്‍ഗ്രസിനെ ഉദ്ധരിക്കാനായി ദേശീയ മാധ്യമങ്ങളടക്കം ഉദ്ധരിക്കുന്ന ചില പതിവു പദപ്രയോഗങ്ങളുണ്ട്. സോഴ്സസ്, എ വെറ്ററന്‍ ലീഡര്‍, എ യംഗ് ലീഡര്‍, ക്ലോസ് എയ്ഡ്. അങ്ങനെ നീളും അവ. സ്ഥിരമായി കണ്ടുവരുന്ന ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പല മാധ്യമങ്ങളും പല കോണ്‍ഗ്രസ് നേതാക്കളെയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കും, ബി.ജെ.പിയുമായി അടുത്ത ബന്ധത്തിലെത്തിക്കും, വേണമെങ്കില്‍ ചിലരെ ബി.ജെ.പി ക്യാമ്പില്‍ വരെയുമെത്തിക്കും.

ഇക്കുറി അതേറ്റവും ഉപയോഗിച്ചു കണ്ടത് സച്ചിനൊപ്പമാണ്. ബി.ജെ.പിക്കൊപ്പം പോവില്ലെന്ന് എത്രയോ തവണ സച്ചിന്‍ പൈലറ്റ് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മാധ്യമങ്ങളും എതിര്‍ക്യാമ്പും (ബി.ജെ.പി മാത്രമല്ല) സച്ചിനെ അവിടെയെത്തിച്ചു. ആറുമാസമായി ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയാണെന്നു വരെ കാര്യങ്ങളെത്തി.

ഇന്നു നിയമസഭയിലെത്തിയപ്പോള്‍ പ്രതിപക്ഷത്തോടു ചേര്‍ന്നുള്ള (ഒപ്പമല്ല) തന്റെ പുതിയ സീറ്റ് കണ്ടപ്പോള്‍ ഭരണപക്ഷത്തിനു വേണ്ടിയുള്ള സീറ്റുകള്‍ ചൂണ്ടിക്കാട്ടി സച്ചിന്‍ പറഞ്ഞതിങ്ങനെയാണ്,

“”അവിടെയിരിക്കുമ്പോള്‍ ഞാന്‍ സുരക്ഷിതനാണെന്നു തോന്നിയിരുന്നു. ഇപ്പോള്‍ ഞാന്‍ പ്രതിപക്ഷത്തിനടുത്താണ്. എന്നെ അതിര്‍ത്തിയിലേക്കു വിട്ടിരിക്കുകയാണെന്ന് ഇപ്പോള്‍ എനിക്കു മനസ്സിലാക്കി. ഏറ്റവും ധൈര്യമുള്ള, ഏറ്റവും ശക്തനായ പോരൊളിയെയാണല്ലോ അതിര്‍ത്തിയിലേക്കു വിടുക. എനിക്കും സുഹൃത്തുക്കള്‍ക്കും ചികിത്സ ലഭിച്ചു കഴിഞ്ഞു. ഡല്‍ഹിയിലുള്ള ഡോക്ടറെ കണ്ടു ഞങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ്.””

ജനാധിപത്യപരമായ വിയോജിപ്പുകളാണ് അയാളുടേത്. അതു പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒടുവില്‍ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസത്തെ അതിജീവിച്ച് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് രാജസ്ഥാന്‍ നിയമസഭ വിട്ടു പുറത്തിറങ്ങിയിരിക്കുകയാണ്. അയാളെ കുറിച്ച് കോണ്‍ഗ്രസിനില്ലാത്ത ആശങ്ക, ബി.ജെ.പിക്കില്ലാത്ത പ്രതീക്ഷ മറ്റാര്‍ക്കും വേണ്ടതില്ല.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)