ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു; അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. 5 ഫീല്‍ഡ് റെജിമെന്റിലെ ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യും വരിച്ചത്. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ദിനേശ്.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 10 ജില്ലകളിലായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

മെയ് 6 ന് രാത്രി മുതല്‍ പൂഞ്ച്, താങ്ധര്‍, മറ്റ് അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. തീവ്രമായ ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. നിരവധിയാളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷവും ബുധനാഴ്ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ന്നു. കൂടുതല്‍ സാധാരണ പ്രദേശങ്ങള്‍ ആക്രമിച്ചു.

Read more

ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടികമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഏത് സാഹചര്യവും നേരിടാന്‍ സര്‍വസജ്ജമാണെന്നും സ്ഥിതിഗതികള്‍ സദാ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.