രാജ്യത്ത് കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു, മരണം 76,271 ; 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നു പോയിരിക്കാമെന്ന് ഐ.സി.എം.ആര്‍ സര്‍വേഫലം 

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകൾ  റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76,271 ആയി ഉയര്‍ന്നു. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5.40 കോടി കോവിഡ് പരിശോധനകളാണ് വ്യാഴാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11, 63,542 പരിശോധനകളും നടത്തി.

അതേസമയം രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നു പോയിരിക്കാമെന്ന് ഐസിഎംആര്‍ സര്‍വേ ഫലം . രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മെയ് ആദ്യത്തോടെ രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിരിക്കാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 18 നു 45 നു ഇടയില്‍ പ്രായമുള്ളവരില്‍ 43.3 ശതമാനം, 45-60 വയസ്സ് പ്രായമുള്ളവരില്‍ 39.5 ശതമാനം, 60 നു മുകളില്‍ പ്രായമുള്ളവരില്‍ 17.2 ശതമാനം എന്നിങ്ങനെ രോഗബാധിതരായിട്ടുണ്ടാകുമെന്നാണ് സര്‍വേ ഫലം പറയുന്നത്.

ആകെ ജനസംഖ്യയുടെ 0.73 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാം. മെയ് 11 നും ജൂണ്‍ നാലിനും ഇടയിലാണ് ഐസിഎംആര്‍ സര്‍വേ നടത്തിയത്. 21 സംസ്ഥാനങ്ങളിലായി 28,000 പേരിലാണ് സര്‍വേ നടത്തിയത്.

70 ജില്ലകളിലായി 700 ക്ലസ്റ്ററുകളില്‍ നിന്ന് നാല് വിഭാഗങ്ങളിലായി 30,283 വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സെറോ പോസിറ്റിവിറ്റിയുടെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.