OPERATION SINDOOR: അർധരാത്രിയിൽ പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു; നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം

പെഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ ഇന്ന് പുലർച്ചെ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു.

12 ഭീകരർ കൊല്ലപ്പെട്ടെന്നും 60 ഓളം പേർക്ക് പരികേട്ടെന്നുമാണ് റിപ്പോർട്ട്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ക്രൂയിസ് മിസൈൽ ഉപയോഗിച്ച് ആയിരുന്നു ആക്രമണം. മുസഫറാബാദ്, ബഹാവൽപുർ, കോട്ട്ലി, ഛാക് അമ്രു, ഗുൽപുർ, ബിംബർ, മുരിഡ്കെ, സിയാൽകോട്ട് എന്നീ ഒമ്പത് ഭീകരകേന്ദ്രങ്ങളിലെയും ആക്രണങ്ങളും വിജയകരം.

ആക്രമണത്തിന് പിന്നാലെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, അമൃത്സർ, ജമ്മു, ലേ, ധരംശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു.