ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് വിദേശകാര്യ പ്രതിരോധമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ടും പാക് ആക്രമണ ശ്രമമുണ്ടായെന്നും ഇവയെല്ലാം പരാജയപ്പെടുത്തിയെന്നും സൈന്യവും വ്യക്തമാക്കി. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി, ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിശദീകരിച്ചു.

ഇന്നു പുലര്‍ച്ചെ ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം. ഇവ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു സേന തകര്‍ത്തു. പാകിസ്ഥാന്‍ ആക്രമണത്തിന്റെ തെളിവിനായുള്ള അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് കാര്യങ്ങള്‍ വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും പറഞ്ഞു.

ഇന്ന് രാവിലെ പാകിസ്ഥാനിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ഇന്ത്യ ആക്രമിച്ചുവെന്നും പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കി. ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണത്തില്‍ നിഷ്‌ക്രിയമായതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും പറഞ്ഞു.