ഫോണുകൾ ഉൾപ്പെടെ അടിമുടി നിരീക്ഷണത്തിൽ; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി കാനഡ, അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ നയന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനു കീഴിലാക്കിയ കനേഡിയൻ സർക്കാരിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പെടെ നിരീക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കാനഡയെ അതൃപ്തി അറിയിച്ചത്.

കനേഡിയൻ സർക്കാർ ഇപ്പോൾ നടത്തുന്ന നിരീക്ഷണം വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ അറിയിച്ചു.നേരത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സർവീസ് പുനസ്ഥാപിക്കാൻ കഴിയാത്തതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.

രാജ്യത്തിന് അകത്തു നിന്നും വിട്ടു കിട്ടേണ്ട ഭീകരരുടെ പട്ടിക കാനഡയ്ക്ക് കൈമാറിയിരുന്നു. എന്നാൽ ഇതുവരെയും അവരെ വിട്ടുനൽകാൻ തയ്യാറായിട്ടില്ല.റെഡ് കോര്‍ണർ നോട്ടീസ് ഉണ്ടായിട്ടും ഹർദീപ് സിംഗ് നിജ്ജാറിന് എങ്ങനെ കനേഡിയൻ പൗരത്വം കിട്ടി എന്നത് അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഖലിസ്ഥാൻ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഉടലെടുത്തിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു.ഇതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു.