വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഭാര്യ വീഡിയോ കോള്‍ അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് കൈവെട്ടിയ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയില്‍ നെയ്ത്തു തൊഴിലാളിയായ ശേഖര്‍ ആണ് ഭാര്യ രേവതിയുടെ കൈയില്‍ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് രേവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് വീട്ടിലെത്തിയിട്ടും വീഡിയോ കോളില്‍ തുടര്‍ന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി രേവതി സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ ശേഖറിനെ ശ്രദ്ധിക്കാതെ രേവതി കോളില്‍ തുടര്‍ന്നതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇതേ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ശേഖര്‍ ഭാര്യയുടെ കൈയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി രേവതിയുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. നിലവില്‍ വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രേവതി. സംഭവത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.