പ്രധാനമന്ത്രി മോദിക്ക് വീണ്ടും കത്ത്; ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ ആശങ്ക പ്രകടിപ്പിച്ച്‌ 71 മുൻ ഉദ്യോഗസ്ഥരാണ് കത്തെഴുതിയത്

ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച എഴുപത്തിയൊന്ന് മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഉദ്യോഗസ്ഥർക്ക് എതിരായ ഇത്തരം നടപടി ഉത്സാഹമുള്ളവരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുമെന്ന് കത്തിൽ വാദിക്കുന്നു.

ഫയലുകൾ വീണ്ടും തുറക്കാത്ത രീതിയിൽ ന്യായമായ ഒരു കാലയളവ് ഉണ്ടായിരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പഞ്ചാബ് മുൻ ഡിജിപി ജൂലിയോ റിബേറിയോ തുടങ്ങിയ വിരമിച്ച സിവിൽ സർവീസുകാരാണ് കത്തിൽ ഒപ്പിട്ടത്.

“ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾ നേടിയെടുക്കുന്നതിന്” വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് കരുവാക്കുന്നതിൽ മുൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.

ഐ‌.എൻ‌.എക്സ് മീഡിയയ്ക്ക് നൽകിയ എഫ്‌ഐ‌പി‌ബി ക്ലിയറൻസുമായി ബന്ധപ്പെട്ട് മുൻ നീതി ആയോഗ് സി‌.ഇ‌.ഒ സിന്ധുശ്രീ കുല്ലറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാൻ സർക്കാർ കഴിഞ്ഞ മാസം സിബിഐക്ക് അനുമതി നൽകിയിരുന്നു. സിന്ധുശ്രീയെ കൂടാതെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം മുൻ സെക്രട്ടറി അനുപ് കെ പൂജാരി, ധനമന്ത്രാലയത്തിലെ അന്നത്തെ ഡയറക്ടർ പ്രഭോദ് സക്സേന, സാമ്പത്തിക കാര്യ വകുപ്പിലെ മുൻ അണ്ടർ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെയും വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകി.

ഈ വർഷം ഫെബ്രുവരിയിൽ മുൻ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു, തുടർന്ന് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തു.