"വിവാഹത്തിനുള്ള മതപരിവർത്തനം അംഗീകരിക്കുന്നില്ല": മതപരിവർത്തന വിരുദ്ധ നിയമത്തെ കുറിച്ച് രാജ്‌നാഥ് സിംഗ്

ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമത്തെ പിന്തുണച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വിവാഹത്തിനുള്ള മതപരിവർത്തനത്തെ വ്യക്തിപരമായി പിന്തുണയ്ക്കുന്നില്ലെന്ന് ബുധനാഴ്ച രാജ്‌നാഥ് സിംഗ് പറഞ്ഞു.

“എന്തിനാണ് മതപരിവർത്തനം എന്നാണ് എന്റെ ചോദ്യം. കൂട്ട മതപരിവർത്തനം അവസാനിപ്പിക്കണം. എനിക്ക് അറിയാവുന്നിടത്തോളം, മുസ്ലിം മതത്തിൽ ഒരാൾക്ക് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിനുള്ള മതപരിവർത്തനത്തെ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല,” രാജ്‌നാഥ് സിംഗ് പ്രത്യേക അഭിമുഖത്തിൽ എ.എൻ.ഐയോട് പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രാജ്‌നാഥ് സിംഗ്. ലക്‌നൗവിൽ നിന്നുള്ള ലോക്‌സഭാ എം.പിയാണ് രാജ്‌നാഥ് സിംഗ്.

സ്വാഭാവിക വിവാഹവും, വിവാഹത്തിനുള്ള മതപരിവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

മതപരിവർത്തനം ബലമായി നടക്കുന്നുണ്ട്. പലപ്പോഴും ദുരുദ്ദേശത്തോടെ ആണ് പരിവർത്തനം നടത്തുന്നത്. സ്വാഭാവിക വിവാഹവും, വിവാഹത്തിനുള്ള നിർബന്ധിത മതപരിവർത്തനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്, നിയമങ്ങൾ നിർമ്മിച്ച സർക്കാരുകൾ ഇതെല്ലാം പരിഗണിച്ചിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ഒരു യഥാർത്ഥ ഹിന്ദു വിവേചനം കാണിക്കില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി രാജ്‌നാഥ് സിംഗ് പറഞ്ഞു.

“ഒരു യഥാർത്ഥ ഹിന്ദു ജാതി, മതം, വിഭാഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ മതഗ്രന്ഥങ്ങളും ഇതിന് അനുമതി നൽകുന്നില്ല. “വസുധൈവ കുടുംബകം” (ലോകം മുഴുവൻ ഒരു കുടുംബം) എന്ന സന്ദേശം നൽകിയ ഏക രാജ്യം ഇന്ത്യയാണ് മറ്റൊരു രാജ്യവും ഇങ്ങനെ പറഞ്ഞിട്ടില്ല, ” രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.