'ആറ് സർക്കാർ സെക്രട്ടറിമാർ പരിശോധിച്ച ഫയൽ, ചിദംബരം മാത്രം എങ്ങനെ പ്രതിയാകും'; ആശങ്ക അറിയിച്ച് മൻമോഹൻ

ഐ.എൻ.എക്‌സ് മീഡിയ കേസിൽ പെട്ട് ജയിലിൽ കഴിയുന്ന പി. ചിദംബരത്തിന്റെ കാര്യത്തിൽ ആശങ്കയറിയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. കഴിഞ്ഞദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം തിഹാർ ജയിലിലെത്തി ചിദംബരത്തെ സന്ദർശിച്ചതിന് ശേഷമായിരുന്നു മൻമോഹന്റെ പ്രതികരണം.

“ഞങ്ങളുടെ സഹപ്രവർത്തകനായ പി. ചിദംബരം ജയിലിൽ തുടരുന്നതിൽ ആശങ്കയുണ്ട്. കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.”- മൻമോഹൻ സിംഗ് പറഞ്ഞു. കേസിൽ ചിദംബരത്തെ മാത്രം പ്രതിയാക്കി അറസ്റ്റ് ചെയ്തതിലും അദ്ദേഹം ആശങ്ക അറിയിച്ചു. ” നമ്മുട സർക്കാർ സംവിധാനത്തിൽ ഒരാൾക്ക് ഒറ്റക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല. എല്ലാം കൂട്ടമായി എടുക്കുന്ന തീരുമാനങ്ങളാണ്. ആറ് സർക്കാർ സെക്രട്ടറിമാർ അടക്കം ഡസനോളം ഉദ്യോഗസ്ഥർ പരിശോധിച്ച് ശിപാർശ ചെയ്ത ഫയലാണ് അത്. ഏകകണ്ഠമായാണ് ശിപാർശ അംഗീകരിച്ചത്. ഈ ഓഫീസർമാരാരും കുറ്റക്കാരല്ലെങ്കിൽ ഇവരുടെ ശിപാർശ അംഗീകരിച്ച മന്ത്രി മാത്രം എങ്ങനെ കുറ്റക്കാരനാകും?”- മൻമോഹൻ ചോദിച്ചു.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ൽ ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിലാണ് പി. ചിദംബരത്തെ ആഗസ്റ്റ് 21 – ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയർസെൽ-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

പാർട്ടി ശക്തമായിരിക്കുന്നിടത്തോളം കാലം താനും ശക്തനായിരിക്കുമെന്ന് പി. ചിദംബരം കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. സോണിയാ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചിദംബരത്തിന്റെ ട്വീറ്റ് വന്നത്. ചിദംബരത്തിന് വേണ്ടി കുടുംബമാണ് ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “എനിക്കുവേണ്ടി ഇക്കാര്യം പോസ്റ്റ് ചെയ്യാൻ ഞാൻ കുടുംബത്തോട് ആവശ്യപ്പെട്ടു: ശ്രീമതി സോണിയാ ഗാന്ധിയും ഡോ. മൻമോഹൻ സിംഗും ഇന്ന് എന്നെ വിളിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ധീരവും ശക്തവുമായിരിക്കുന്നിടത്തോളം കാലം ഞാനും ശക്തനും ധീരനുമായിരിക്കും.”-ട്വിറ്ററിൽ കുറിച്ചു.

സോണിയാ ഗാന്ധിക്കും മൻമോഹൻ സിംഗിനുമൊപ്പം ചിദംബരത്തിന്റെ മകൻ കാർത്തിയും തിഹാർ ജയിലിൽ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവർ തിഹാർ ജയിലിൽ എത്തിയത്. രാഷ്ട്രീയ വേട്ടയാടലിൽ കുടുങ്ങിയ ചിദംബരത്തിന് കോൺഗ്രസിന്റെ പൂർണ പിന്തുണ ഉറപ്പാക്കുന്നതായിരുന്നു നേതാക്കളുടെ സന്ദർശനം.