പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ – പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക് പ്രകോപനം. എന്തായാലും ഇന്ത്യൻ സേനയുടെ ഇടപെടൽ കാരണം അവയെല്ലാം തകർത്തു. 10 സ്ഥലങ്ങളിലായി പരന്ന പാക് ഡ്രോണുകളാണ് ലക്ഷ്യത്തിലെത്തും മുമ്പ് ഇന്ത്യൻ സേന തകർത്തത്. ഇനി പ്രകോപനം ഉണ്ടാകില്ല എന്ന വാക്ക് തെറ്റിച്ചുകൊണ്ട് പാകിസ്ഥാൻ വീണ്ടും ആക്രമണം തുടർന്നപ്പോൾ ജമ്മു കശ്മീരിലെ സാംബയിലടക്കം ആണ് ആക്രമണം ഉണ്ടായത്.

സാംബയിലെ പാക് ആക്രമണം ഇന്ത്യൻ സേന ചെറുക്കുന്ന വിഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വാർത്ത ഏജൻസി ആയ എഎൻഐ പുറത്തുവിട്ട ഈ വീഡിയോ ഇപ്പോൾ ചർച്ചയാകുന്നുണ്ട്. എന്തായാലും ഇന്ത്യൻ അതിർത്തിയിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. അതേസമയം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞു. ഭീകരതയ്ക്ക് അർഹിച്ച മറുപടി നൽകാൻ രാജ്യത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നടപ്പാക്കാൻ പ്രതിരോധ സേനയ്ക്ക് സാധിച്ചു. ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ഭസ്മമാക്കി. പാക് ഡ്രോണുകളും മിസൈലുകളും നമ്മൾ തകർത്തു. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ ഭയന്നുപോയി. ലോകം മുഴുവൻ രക്ഷ തേടുകയായിരുന്നു അവർ.

സേനകൾ കാട്ടിയത് അസാമാന്യ ധൈര്യമെന്ന് പറഞ്ഞ മോദി സൈന്യത്തെ ഒന്നടങ്കം പ്രശംസിക്കുകയും ചെയ്തു. പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിന്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ ഭീകരരുടെ പരിശീലന കേന്ദ്രത്തിൽ കടന്നു കയറി ഇന്ത്യ മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയൊരു ആക്രമണം ഭീകരർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പായിരിക്കുന്നു. ബവൽപൂരിലും, മുരിട്‌കെയിലും ആഗോള തീവ്രവാദ കേന്ദ്രങ്ങളായിരുന്നു പ്രവർത്തിച്ചിരുന്നത്. ആ കേന്ദ്രങ്ങൾ ഭാരതം ഭസ്മമാക്കി കളഞ്ഞു. ഭീകരതയുടെ യൂണിവേഴ്‌സിറ്റികളാണ് ഇല്ലാതായത്. നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം ഭീകരർ മായ്ച്ചു. നമ്മൾ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തിട്ടു. വായുസേന പാകിസ്ഥാന്റെ എയർ ബേസുകൾ തകർത്തു. ഇതിന് ശേഷം പാകിസ്ഥാൻ ഭയപ്പെട്ടു. പാക് ഭീകരവാദത്തെ ഓർമിപ്പിച്ച് വെളളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്ഥാനുമായി ചർച്ച നടന്നാൽ അത് പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും പറഞ്ഞു.