ട്രെയിനുകള്‍ റദ്ദാക്കി, റോഡുകളിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം, സ്‌കൂളുകള്‍ക്ക് അവധി; തമിഴ്നാടിനെ വലച്ച് കനത്ത മഴ

തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുകയാണ്.കോയമ്പത്തൂര്‍, മധുരൈ, തേനി, ദിണ്ഡിഗല്‍, നീലഗിരി ജില്ലകളിൽ അതിശക്തമായ മഴയാണ്. കനത്ത മഴയിൽ നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു.

അതേസമയം ട്രാക്കിലെ മണ്ണ് ഒലിച്ചുപോയ സാഹചര്യത്തിൽ സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. നീലഗിരി മൗണ്ടന്‍ റെയില്‍വെ വിഭാഗത്തിന്റെ കീഴിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. 06136, 06137 നമ്പര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.

മധുരൈയിലും തൂത്തുക്കുടിയിലും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയിലെ നാല് താലൂക്കുകളിലും മധുരൈ, തേനി, ദിണ്ഡിഗല്‍, തിരുനെല്‍വേലി, തെങ്കാശി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. വരും മണിക്കൂറുകളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.