പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

രോഹിത് വെമുലയുടെ മരണം പുനരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. ഇത് തള്ളി തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു.

കേസിൻ്റെ അന്തിമ റിപ്പോർട്ട് 2018ൽ തയ്യാറാക്കിയതാനെന്നാണ് ക്ലോഷർ റിപ്പോർട്ട് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഡിജിപി രവി ഗുപ്ത അറിയിച്ചത്. ഇതാണ് 2024 മാർച്ച് 21ന് കോടതിയിൽ ഔദ്യോഗികമായി സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയിൽ ഹർജി നൽകുമെന്നും ഡിജിപി വിശദീകരിക്കുന്നു.

അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന പൊലീസ് വെള്ളിയാഴ്ച ആണ് കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദളിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമ നടപടി നേരിടേണ്ടി വരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അധികാരത്തിലേറിയാൽ എസ് സി/എസ് ടി വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും അന്തസ് കാത്തുസൂക്ഷിക്കുന്നതിനുമായി രോഹിത് വെമുല നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോൺഗ്രസ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് പോലീസ് റിപ്പോര്‍ട്ട് തള്ളി പൊലീസ് മേധാവി തന്നെ രംഗത്തെത്തുന്നത്.

ഹൈദരാബാദ് സർവകലാശാലയിൽ 2016 ലാണ് ഗവേഷക വിദ്യാർഥിയായ രോഹിത് വെമുല ജീവനൊടുക്കിയത്. എബിവിപി നേതാവിനെ മർദിച്ചു എന്ന കുറ്റത്തിനു ഹോസ്റ്റലിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ച് ദളിത് ഗവേഷക വിദ്യാർഥികളിലൊരാളായിരുന്നു രോഹിത് വെമുല. സമരം തുടരുന്നതിനിടെ ആയിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. താൻ പീഡനവും കള്ളക്കേസുകളും നേരിടുന്നുണ്ടെന്ന് ആരോപിച്ച് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് രോഹിത് വിസിക്ക് കത്തെഴുതിയിരുന്നു. വെമുലയുടെ മരണം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.