അമ്മയെ കൊന്ന് മുറിയിലിട്ട് പൂട്ടി, ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി സിനിമ കണ്ടു, ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങി കഴിച്ചു!

യുപി ലക്‌നൗവില്‍ പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് അമ്മയെ പതിനാറുകാരന്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതി സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സിനിമ കണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു മുറിയില്‍ അമ്മയുടെ മൃതദേഹവും മറ്റൊരു മുറിയില്‍ പത്തുവയസ്സുള്ള സഹോദരിയെ പൂട്ടിയിട്ടതിനു ശേഷമായിരുന്നു ഇത്.

സിനിമ കാണുന്നതിനിടയില്‍ പ്രതി ഭക്ഷണവും ഓണ്‍ലൈന്‍ വഴി വരുത്തിച്ച് കഴിച്ചു. ഇതിനിടെ കൂട്ടുകാര്‍ അമ്മയെ തിരക്കിയെങ്കിലും ബന്ധുവിന്റെ വീട്ടില്‍ പോയെന്നായിരുന്നു പ്രതി മറുപടി നല്‍കിയതെന്ന് പൊലീസ് വിശദീകരിച്ചു.

ഞായറാഴ്ച്ചയാണ് സംഭവം. പഠനവും ഊണുറക്കവും ഉപേക്ഷിച്ച് പബ്ജി കളിച്ചിരുന്ന മകനെ അമ്മ ശാസിച്ചപ്പോഴാണ് പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് അമ്മയെ വെടിവച്ചത്. തലയ്ക്കാണ് വെടിയേറ്റത്. ഉടന്‍ മരിക്കുകയും ചെയ്തു.

രണ്ടു ദിവസം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ഒഴിവാക്കാന്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചു. കുറ്റകൃത്യം പുറത്തുപറയാതിരിക്കാന്‍ സഹോദരിയെ ഭീഷണിപ്പെടുത്തി. സൈനികനായ പിതാവ് ബംഗാളിലാണ് സേവനം അനുഷ്ഠിക്കുന്നത്. അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പിതാവിനോട് കള്ളങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

ഒടുവില്‍ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്ക് വന്ന വ്യക്തി അമ്മയെ കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. പൊലീസിനോടും ഇതേ കഥ പറഞ്ഞെങ്കിലും അന്വേഷണത്തില്‍ സത്യം പുറത്തുവരികയായിരുന്നു.