ഐ‌.എൻ‌.എക്സ് മീഡിയ കേസ്: ചിദംബരത്തിന് ജാമ്യം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു

ഐ‌.എൻ‌.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.

തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയില്ലെന്നും എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് കോൺഗ്രസ് നേതാവിന് ജാമ്യം നിഷേധിച്ചത്.

ഓഗസ്റ്റ് 21- ന് സി.ബി.ഐ അറസ്റ്റ് ചെയ്തതിനു ശേഷം കസ്റ്റഡിയിലുള്ള ചിദംബരം വിചാരണക്കോടതിയെ സമീപിക്കാതെ ജാമ്യാപേക്ഷ നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇദ്ദേഹത്തെ ഡൽഹിയിലെ ജോർബാഗിലുള്ള വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3 വരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം ഉള്ളത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007- ൽ 305 കോടി രൂപ വിദേശ ഫണ്ട് ഐ‌എൻ‌എക്സ് മീഡിയ ഗ്രൂപ്പിന് നൽകിയ എഫ്‌ഐ‌പി‌ബി ക്ലിയറൻസിലെ ക്രമക്കേടുകൾ ആരോപിച്ച് സി.ബി.ഐ 2017 മെയ് 15 ന് ചിദംബരത്തിന് എതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അതിനുശേഷം 2017- ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു.