ജയില്‍മോചിതനായ ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ; ആരോപണങ്ങളോട് പ്രതികരിക്കാതെ ഗുജറാത്ത് ഡിജിപി

കോണ്‍ഗ്രസ്‌ നേതാവ് ഹാര്‍ദിക് പട്ടേലിനെ ജനുവരി 24 മുതല്‍ കാണാനില്ലെന്ന്  പരാതിയുമായി ഭാര്യ. ജനുവരി 18ന് ഹാര്‍ദിക്കിനെ സംസ്ഥാന സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. ഇവിടെ നിന്നും 24-ന് ഇറങ്ങിയ ശേഷം തന്റെ ഭര്‍‌‍ത്താവിനെ കാണാനില്ലെന്നാണ് ഭാര്യ കിഞ്ജാള്‍ പരാതി നല്‍കിയിരിക്കുന്നത്.

ജനുവരി 24-ന് ജയില്‍ മോചിതനായ വിവരം ഹാര്‍‍ദിക്  ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം താനുമായിട്ടൊ കുടുംബവുമായൊ ഹാര്‍ദിക് ബന്ധപ്പെടുകയുണ്ടായില്ലെന്ന് കിഞ്ജാള്‍ പറഞ്ഞു. “സ്വേച്ഛാധിപത്യത്തിന്റെ തടങ്കലില്‍ നിന്ന് പുറത്തിറങ്ങി. എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്?” – ഹാര്‍ദിക് ട്വീറ്റ് ചെയ്തു.

തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും സര്‍ക്കാര്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്ന് കിഞ്ജാള്‍ ആരോപിച്ചു. അസമയങ്ങളില്‍ പൊലീസുകാര്‍ വീട്ടില്‍ കയറി വരാറുണ്ടെന്നും കിഞ്ജാള്‍ പറയുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തിനു പിന്നിലും സര്‍ക്കാരാണെന്നാണ് കിഞ്ജാള്‍ വിശ്വസിക്കുന്നത്.

“എന്റെ ഭര്‍ത്താവിനെ നിരവധി കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം പുറത്തിറങ്ങിയാല്‍ ഉടനെ മറ്റേതെങ്കിലും കേസില്‍ പെടുത്തി ജയിലിലിടും. ഇത് ഉപദ്രവിക്കല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്,” കിഞ്ജാള്‍ ചോദിക്കുന്നു.

അതെസമയം പട്ടേലിനെ കാണാതായ വിഷയം സംസാരയോഗ്യമായ കാര്യമല്ലെന്നാണ് ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ പറയുന്നത്. “അയാള്‍ ഒരു പരാമര്‍ശവും അര്‍ഹിക്കുന്നില്ല. അയാള്‍‌ക്ക് അതിനുള്ള വിലയില്ല,” ഝാ പറഞ്ഞു.

പട്ടേലിനെ കാണാതായതും അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ പൊലീസ് തയ്യാറാകാത്തതും ചര്‍ച്ചയായി മാറിയിട്ടുണ്ട്. പട്ടേലിന്റെ പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സംഘടനയുടെ നേതാക്കള്‍‌ക്കും അദ്ദേഹം എവിടെപ്പോയെന്ന കാര്യത്തില്‍ അറിവില്ല. അദ്ദേഹം ഒളിവില്‍ പോയതാണോയെന്നു പോലും ആര്‍ക്കും അറിയില്ല. ഗുജറാത്ത് പൊലീസ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പട്ടേലിനെ നിരന്തരമായി കേസുകളില്‍ കുടുക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.