പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്മോ നൽകിയ ഹെബിയസ് കോർപ്‌സ് ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, ലഡാക്ക് ഭരണകൂടം, രാജസ്ഥാൻ സർക്കാർ എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻവി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹർജി വീണ്ടും പരിഗണിക്കും.
ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ടാണ് വാങ് ചുക്ക് ജയിലിൽ കഴിയുന്നത്. വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിനോട് ചോദിച്ചു. വാങ് ചുക്കിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജയിൽ നിയമപ്രകാരം നൽകേണ്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
കോടതി കേസ് പരിഗണിച്ചപ്പോൾ കേസിലെ ഗീതാഞ്ജലി കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, വിവേക് തൻഖ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സോളിസിറ്റർ ജനറലാണ് കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നിരാഹാര സമരം നയിക്കുകയായിരുന്നു സോനം വാങ്ചുക്. ലഡാക്കിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായ ഇദ്ദേഹത്തെ ലഡാക്കിലെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സെപ്തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ 90 പേർക്ക് പരിക്കേറ്റിരുന്നു.
കസ്റ്റഡിയിലെടുത്ത ശേഷം സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് ഇദ്ദേഹത്തെ കാണാൻ സാധിക്കാത്ത വിധത്തിലും ഇദ്ദേഹത്തിൻ്റെ മരുന്നടക്കമുള്ള സാധനങ്ങൾ ഇല്ലാതെയുമായിരുന്നു മാറ്റം. ഈ നടപടി നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും മൗലികാവകാശങ്ങൾ ലംഘിച്ചുവെന്നും കാട്ടിയാണ് ഭാര്യ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
Read more
അതേസമയം ലഡാക്കിൽ സമാധാനം ഉറപ്പിക്കാൻ അനുനയ നീക്കങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്. വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ചയിലേക്ക് കടക്കില്ല എന്നുള്ളതാണ് ലേ അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് എന്നിവരുടെ നിലപാട്.







