ഗ്യാന്‍വാപി മസ്ജിദ് സര്‍വേ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കരുത്: വാരണാസി ജില്ലാക്കോടതി

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിലെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതില്‍ വിലക്കേര്‍പ്പെടുത്തി വാരണാസി ജില്ലാക്കോടതി. സര്‍വേ ദൃശ്യങ്ങള്‍ അനുമതി ഇല്ലാതെ പുറത്ത് വിടരുതെന്നാണ് നിര്‍ദ്ദേശം. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണിത് കോടതിയുടെ നിര്‍ദ്ദേശം.

കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ക്ക് നല്‍കിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തരുത് എന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആരോപണം.

മസ്ജിദ് അടച്ചു പൂട്ടണം എന്ന ഹര്‍ജി പരിഗണിക്കുന്നത് വാരാണസി ഫാസ്റ്റ് ട്രാക്ക് കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി. എതിര്‍കക്ഷികളുടെ നിലപാട് കേട്ട ശേഷമേ തീരുമാനം എടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. മസ്ജിദിനുള്ളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ആദ്യ ഹര്‍ജി ജൂലൈ നാലിലേക്ക് ജില്ലാ കോടതി നേരത്തെ മാറ്റിയിരുന്നു.