ഗാന്ധിജിയെ രാജ്യദ്രോഹി എന്ന് അധിക്ഷേപിച്ചു, ആള്‍ദൈവത്തിന് എതിരെ കേസ്

മഹാത്മാഗാന്ധിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയതിന് മധ്യപ്രദേശില്‍ നിന്നുള്ള മറ്റൊരു ആള്‍ദൈവത്തിനെതിരെ കൂടി കേസെടുത്തു. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് തരുണ്‍ മുരാരി ബാപ്പു എന്നയാള്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്. ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ആള്‍ദൈവത്തിനെതിരെ കൂടി കേസെടുക്കുന്നത്.

ഞായറാഴ്ച നര്‍സിെഗ്പുരില്‍ മഹാകൗശല്‍ നഗര്‍ ഏരിയയില്‍ നടന്ന ഒരു മതപരമായ ചടങ്ങിനിടയിലാണ് തരുണ്‍ മുരാരി ബാപ്പു ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഗാന്ധിയാണ് രാജ്യത്തെ വിഭജിച്ചത്. അദ്ദേഹം രാജ്യദ്രോഹിയാണെന്ന് തരുണ്‍ മുരാരി പറഞ്ഞു. രാഷ്ട്രത്തെ ആരെങ്കിലും വിഭജിച്ചാല്‍ അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നതെന്ന് തരുണ്‍ മുരാരി ചോദിച്ചു. താന്‍ ഇതിനെ എതിര്‍ക്കുന്നുവെന്നും ഗാന്ധി രാജ്യദ്രോഹി ആണെന്നും അയാള്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ രോഹിത് പട്ടേല്‍ നല്‍കിയ പരാതി പ്രകാരമാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ഐപിസി സെക്ഷന്‍ 505 (2), 153 ബി എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തരുണ്‍ മൊറാരി ബാപ്പുവിന് നോട്ടിസ് അയച്ചിട്ടുണ്ടെന്ന് നര്‍സിങ്പൂര്‍ പൊലീസ് സൂപ്രണ്ട് വിപുല്‍ ശ്രീവാസ്തവ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് മഹാത്മാ ഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്തതിന് ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടന്ന ധര്‍മ സന്‍സദ് ക്യാമ്പിലായിരുന്നു ഗാന്ധിജിയ്ക്കും മുസ്ലിം സമുദായത്തിനും എതിരെ കാളിചരണ്‍ മഹാരാജ് വിവാദപരാമര്‍ശം നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലിം സമുദായത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്‌സെയെ സല്യൂട്ട് ചെയ്യുന്നു എന്നാണ് കാളിചരണ്‍ പറഞ്ഞത്. ഇതിന് പിന്നാലെ വിദ്വേഷ പ്രചാരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.