അനുപമയുടെ കുട്ടിയെ ബലമായി മാറ്റിയത് മനുഷ്യത്വരഹിതം, കുറ്റകരം: ബൃന്ദ കാരാട്ട്

അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ബലമായി ദത്ത് നൽകിയ സംഭവത്തിൽ രൂക്ഷ വിരമർശനവുമായി സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. ഏത് സാഹചര്യത്തിലാണെങ്കിലും അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്തു കൊടുത്തത് മനുഷ്യത്വരഹിതമായ കാര്യമാണെന്നും നടന്നത് നീതി നിഷേധമാണെന്നും അവർ പ്രതികരിച്ചു. അമ്മയിൽ നിന്ന് കുട്ടിയെ ബലമായി മാറ്റിയത് കുറ്റകരമാണ്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

വിഷയം വളരെ സങ്കീർണമായി തീർന്നിരിക്കുകയാണ്. ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കണ്ടുകൊണ്ടാണ് കുഞ്ഞിനെ വളർത്തുന്നത്. അവകാശങ്ങളേക്കാൾ യാഥാസ്ഥിതികത്വത്തിനാണ് ഈ സംഭവത്തിൽ മുൻതൂക്കം ലഭിച്ചത് എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ തന്നെ അനുപമ, ബൃന്ദ കാരാട്ടിന് പരാതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാനായി ബൃന്ദ കാരാട്ട് പി.കെ. ശ്രീമതിയെ ഏൽപ്പിക്കുകയായിരുന്നു. സി.പി.എമ്മിൽ തങ്ങളുടെ പരാതി ശ്രദ്ധയോടെ കേൾക്കുകയും അനുതാപത്തോടെ പെരുമാറുകയും ചെയ്ത ഏകവ്യക്തി ബൃന്ദ കാരാട്ട് ആണെന്ന് അനുപമയും അജിത്തും നേരത്തേ പറഞ്ഞിരുന്നു.

ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അച്ഛനും അമ്മയും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നലകിയത്. തുടർന്ന് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയെങ്കിലും അനുകൂലമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തുടർന്നാണ് അനുപമ മാധ്യമങ്ങളെ സമീപിച്ചത്.