മുസ്ലിം യൂത്ത് ലീഗില്‍ നിന്ന് അഞ്ചുലക്ഷം രൂപ ലഭിച്ചു: കത്‍വ കൂട്ടബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ കുടുംബം

മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായവും നിയമസഹായവും നല്‍കിയിട്ടുണ്ടെന്ന് കത്‍വ കൂട്ടബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ കുടുംബം. സൗജന്യമായി കേസ് വാദിക്കാമെന്നേറ്റ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് ഒന്നര ലക്ഷത്തില്‍ അധികം രൂപ നല്‍കിയതായും പെണ്‍കുട്ടിയുടെ അച്ഛൻ മുഹമ്മദ് അഖ്ത്തർ പറഞ്ഞു.

2018-ല്‍ ആണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ മുഹമ്മദ് യൂസുഫ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കുറച്ച് തുക ചെക്ക് ആയും ബാക്കി പണമായുമാണ് നല്‍കിയത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെക്കും പണവും കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. വളര്‍ത്തച്ഛന്റെ സംരക്ഷണത്തില്‍ ആയിരിക്കെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

നിലവില്‍ മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകനെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഫാറൂഖിയുടെ കേസ് നടത്തിപ്പില്‍ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ ആദ്യഘട്ടത്തില്‍ ദീപിക സിംഗ് രജാവത്ത് കുടുംബത്തിന്റെ അഭിഭാഷക ആയിരുന്നു. 110 തവണ കോടതി കേസ് പരിഗണിച്ചപ്പോൾ രണ്ട് തവണ മാത്രമാണ് അവര്‍ കോടതിയിൽ ഹാജരായത്. അതിനാൽ അവരുടെ വക്കാലത്ത് ഒഴിവാക്കേണ്ടി വന്നു.

Read more

കത്‍വ കേസിലെ പെണ്‍കുട്ടിക്ക് വേണ്ടി മുസ്‍ലിം യൂത്ത് ലീഗ് സമാഹരിച്ച ധനസഹായം കൈമാറിയില്ലെന്ന് ആരോപണം ഉയരുകയും വിവാദമാവുകയും ചെയ്തിരുന്നു. പണം കൈമാറിയെന്ന യൂത്ത് ലീഗ് അവകാശവാദം ശരിവെയ്ക്കുകയാണ് കുടുംബം. യൂത്ത് ലീഗ് സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് മുന്‍ ദേശീയസമിതി അംഗം യൂസഫ് പടനിലമാണ് ഉയര്‍ത്തിയത്. പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ.ഫിറോസും, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈറും ദുര്‍വിനിയോഗം ചെയ്‌തെന്നായിരുന്നു ആരോപണം.