പാര്‍ലമെന്റിന് അകത്തായാലും പുറത്തായാലും പോരാട്ടം തുടരും, തന്റെ പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു, മോദി- അദാനി അവിശുദ്ധ ബന്ധം ഇനിയും തുറന്നുകാട്ടും : രാഹുല്‍ ഗാന്ധി

പാര്‍ലമെന്റംഗമായിരുന്നാലും അല്ലങ്കിലും  തന്‍റെ പോരാട്ടം  അനസ്യുതമായി തുടരുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭക്ക് അകത്തായാലും പുറത്തായാലും തനിക്ക് ഒരുപോലെയാണ്. എന്റെ പോരാട്ടം തുടരും. ഈ രാജ്യത്തിന്റെ ജനാധിപത്യ ഘടന നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍പ്പിക്കുക എന്നതാണ് തന്റെ ദൗത്യം. രാജ്യത്തെ ജനാധിപത്യത്തിന് മേല്‍  ബി ജെ പി   സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണ്.

ജയിലില്‍ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ല.താന്‍ പറയുന്നത് സത്യം മാത്രമാണ്. മോദിയുടെ ഭയം കാരണമാണ് തന്നെ അയോഗ്യനാക്കിയത്. തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്രമോദി ഭയിക്കുന്നുണ്ട്്. എന്നാല്‍ താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അയോഗ്യനാക്കിയ വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടും ഒരു മറുപടിയും തന്നില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. .

അദാനിക്ക് മേലുള്ള ആക്രമണം രാജ്യത്തിനെതിരായ ആക്രമണം ആണെന്നാണ് ബി ജെപി പറയുന്നത്. ഇവര്‍ക്ക് രാജ്യം എന്നാല്‍ അദാനിയും അദാനി എന്നാല്‍ രാജ്യവുമാണ്. പ്രധാനമന്ത്രിക്ക് അദാനിയുമായുള്ള ബന്ധം താന്‍ തുറന്ന് കാണിച്ചതാണ് തന്നോടുളള മോദിയുടെ വൈര്യാഗ്യത്തിന് കാരണം. ഇരുപതിനായിരം കോടി രൂപ അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് വന്നു. അത് അദാനിയുടെ പണം അല്ല. ആരുടെ പണമാണ് എന്ന് താന്‍ ചോദിച്ചത്. അത് സര്‍ക്കാര്‍ വ്യക്തമാക്കണം. അദാനി നരേന്ദ്രമോദി ബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അവര്‍ തന്നെ ജീവിതകാലത്തേക്ക് അയോഗ്യനാക്കട്ടെ, ജയിലില്‍ അടക്കട്ടെ ഒരു പ്രശ്‌നവുമില്ല. എന്റ് പേര് രാഹുല്‍ഗാന്ധി എന്നാണ് സവര്‍ക്കര്‍ എന്നല്ല. അത് കൊണ്ട് മാപ്പ് പറയുന്ന പ്രശ്‌നമേയില്ല. അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാനാകില്ല. തന്നെ തളര്‍ത്താന്‍ ഇവര്‍ക്കൊന്നും കഴിയില്ലന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.