ഒഡീഷയില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയില്‍

ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയില്‍. ആശാവര്‍ക്കര്‍ ഉള്‍പ്പെടെ 13 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. അന്തര്‍ സംസ്ഥാന അള്‍ട്രാ സൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. അള്‍ട്ര സൗണ്ട് സ്‌കാനിംഗ് നടത്തി ഗര്‍ഭഛിദ്രം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണിതെന്ന് ബെര്‍ഹാംപൂര്‍ എസ്പി എം ശരവണ വിവേക് അറിയിച്ചു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒരു വീട്ടില്‍ സജ്ജീകരിച്ച ക്ലിനിക്കിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവരില്‍ നിന്നും അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് നടത്തുന്ന ഉപകരണം, 18,200 രൂപയും ഒരു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

2005ല്‍ രാജ്യം നിരോധിച്ച പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് യന്ത്രവും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രണ്ടര വര്‍ഷമായി ഈ ക്ലിനിക്ക് പ്രവര്‍ത്തിച്ചുവരികയാണ്. 7,000 മുതല്‍ 15,000 രൂപ വരെ ഈടാക്കാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ആശുപത്രി, ലാബ് ഉടമകള്‍ക്കും പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Read more

വ്യാഴാഴ്ചയാണ് പൊലീസ് പരിശോധന നടത്തിയത്. ആ സമയത്ത് 11 ഗര്‍ഭിണികള്‍ ഇവിടെയുണ്ടായിരുന്നു. അറസ്റ്റിലായ ആശാ വര്‍ക്കര്‍ റിനാ പ്രധാന്‍ വ്യാഴാഴ്ച രണ്ട് ഗര്‍ഭിണികളെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നുവെന്നും അതിന് ആശാ വര്‍ക്കറിന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.