കാർഷിക നിയമ സമിതിക്ക് തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരമില്ല, ഇതിൽ പക്ഷപാതം എവിടെ?: സുപ്രീം കോടതി

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞയാഴ്ച രൂപീകരിച്ച വിദഗ്ദ്ധ സമിതിക്കെതിരെ ശബ്ദിച്ചവരെ വിമർശിച്ച്‌ സുപ്രീം കോടതി. നിയമനിർമ്മാണങ്ങളിൽ തീര്‍പ്പുകല്‍പ്പിക്കാൻ സമിതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

എല്ലാവരുടെ ഭാഗവും കേട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് അധികാരം നൽകിയിരിക്കുന്നത്. ഇതിൽ പക്ഷപാതിത്വത്തിന്റെ ചോദ്യം എവിടെയാണ് ഉദിക്കുന്നതെന്ന് കോടതി ചോദിച്ചു. ആളുകളെ മുദ്രകുത്തുകയും അപകീർത്തിപ്പെടുത്തുകയും, കോടതിയെ അനാവശ്യമായി വിമർശിക്കുകയും ചെയ്യേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ പറഞ്ഞു.

സമിതിയുടെ പുനർനിർമ്മാണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ പ്രതികരിക്കണമെന്നും സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമനിർമ്മാണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിക്ക് സമീപം തമ്പടിക്കുന്നത് തുടരുന്നതിനാൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നിയമങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

സമിതിയിലെ നാല് അംഗങ്ങൾ മുമ്പ് വിവാദ നിയമനിർമ്മാണങ്ങൾക്ക് അനുകൂലമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് പ്രതിഷേധക്കാരും, കോൺഗ്രസും അകാലിദളും ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികളും എതിർപ്പ് ഉന്നയിച്ചിരുന്നു. അംഗങ്ങളിൽ ഒരാളായ ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപിന്ദർ സിംഗ് മാൻ കഴിഞ്ഞ ആഴ്ച സമിതിയിൽ നിന്ന് രാജിവച്ചിരുന്നു.

“നിങ്ങൾ ചിന്തിക്കാതെ വിമർശനം നടത്തുകയാണ്‌. ഒരാൾ അഭിപ്രായം പ്രകടിപ്പിച്ചാൽ അയാൾ അയോഗ്യനാകുമോ? ഭൂപീന്ദർ സിംഗ് മാൻ നിയമങ്ങൾക്ക് വേണ്ടി നിലകൊണ്ടു എന്നാണ് നിങ്ങൾ പറയുന്നത് എന്നാൽ അദ്ദേഹം നിയമങ്ങൾ പരിഷ്കരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്,” കാർഷിക മേഖലയിലെ വിദഗ്ധരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ പറഞ്ഞു.