എക്‌സിറ്റ് പോള്‍; ഓഹരി വിപണിയില്‍ കുതിച്ച് ചാട്ടം

പത്തിലേറെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് ഭരണതുടര്‍ച്ച പ്രവചിക്കുമ്പോള്‍ സെന്‍സെക്‌സിലും അതിന്റെ മികവ്. 962 പോയിന്റ് മികവില്‍ മുംബൈ ഓഹരി സൂചിക 38,892.89 ലെത്തി.നിഫ്റ്റിയില്‍ 286 പോയിന്റ് ഉയര്‍ച്ചയും രേഖപ്പെടുത്തി. ഓഹരിവിലകളിലെ കുത്തനെയുള്ള ഉയര്‍ച്ച നിക്ഷേപകര്‍ക്ക് മൂന്ന് ലക്ഷം കോടി രുപയുടെ നേട്ടമുണ്ടാക്കി.

എന്‍ ഡി എയ്ക്ക് ഭരണ തുടര്‍ച്ചയുണ്ടായേക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ശരിയായ ഫലം വരുന്ന വ്യാഴാഴ്ച വരെ വിപണിയില്‍ ഉയര്‍ച്ച പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ സ്ഥിരതയുള്ള സര്‍ക്കാര്‍ വരുമെന്ന് വിപണി കരുതിയിരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇനിയും മുന്നേറുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്നലെ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏതാണ്ടെല്ലാം തന്നെ ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സൂചനയാണ് നല്‍കുന്നത്. നാലു സര്‍വ്വെകളെങ്കിലും മോദി സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷവും പ്രവചിക്കുന്നുണ്ട്.