അമേരിക്കയുടെ പിന്തുണ; ഇന്ത്യയ്ക്ക് അഭിമാനമായി അജയ് ബംഗ; മാസ്റ്റര്‍ കാര്‍ഡിന്റെ 'മാസ്റ്റര്‍' ലോകബാങ്ക് പ്രസിഡന്റാകും

അമേരിക്കയുടെ പിന്തുണയോടെ ഇന്ത്യന്‍ വംശജനായ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് ഡേവിഡ് മല്‍പാസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ നിയമനം ഉണ്ടാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബാംഗയെ വേള്‍ഡ് ബാങ്കിന്റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.
പൂനെ സ്വദേശി അജയ് ബംഗ മാസ്റ്റര്‍കാര്‍ഡിന്റെ സിഇഒ ആയിരുന്നു. നിലവില്‍ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ്. അജയ്പാല്‍ സിങ് ബംഗ എന്നതാണ് അദേഹത്തിന്റെ മുഴുവന്‍ പേര്.

പൂനെയില്‍ ജനിച്ച ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും ബിരുദവും, അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നും എംബിഎയും അജയ് ബംഗ പൂര്‍ത്തിയാക്കി. നെസ്ലേയിലായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് ഇന്ത്യയിലും മലേഷ്യയിലുമായി സിറ്റി ബാങ്കില്‍ ജോലി ചെയ്തു.

1996-ലാണ് അമേരിക്കയില്‍ എത്തുന്നത്. 2009ല്‍ മാസ്റ്റര്‍കാര്‍ഡിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാകുന്നത്. അടുത്തവര്‍ഷം തന്നെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി അദേഹം ചുമതലയേറ്റു. അദ്ദേഹത്തിന്റെ സാരഥ്യത്തിലാണ് മാസ്റ്റര്‍കാര്‍ഡ് ആഗോളതലത്തില്‍ വന്‍ വളര്‍ച്ച നേടിയത്. അജയ് ബംഗയ്ക്ക് 2016ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.