പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗിൽ കമ്മിറ്റി) അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുണെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളിൽ വലിയ വിപ്ലവം സൃഷ്ടിച്ചിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.

1942ൽ പൂനെയിലാണ് മാധവ് ഗാഡ്ഗിൽ ജനിച്ചത്. മുംബൈയിൽ ജീവശാസ്ത്ര പഠനത്തിനു ശേഷം ഗണിത, പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു.

Read more

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 ആറു പുസ്തകങ്ങളും ഉണ്ട്. അന്താരാഷ്ട്ര തലത്തിൽ ഖ്യാതി നേടിയ ഈ പരിസ്ഥിതി ശാസ്ത്രജ്ഞനെ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചു.