അരവിന്ദ് കെജ്‌രിവാളിനെ വിടാതെ ഇഡി; ഒന്‍പതാം തവണയും ചോദ്യംചെയ്യലിന് നോട്ടീസ്

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിടാതെ ഇഡി. കേസില്‍ ഹാജരാകാനായി ഇഡി ഒന്‍പതാം തവണയും നോട്ടീസ് അയച്ചു. മാര്‍ച്ച് 21ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഞായറാഴ്ച രാവിലെ അയച്ച നോട്ടീസില്‍ പറയുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസിലും ജല്‍ ബോര്‍ഡ് അഴിമതി കേസിലുമാണ് ചോദ്യം ചെയ്യുന്നത്.

നോട്ടീസ് പ്രകാരം മദ്യനയ അഴിമതി കേസില്‍ മാര്‍ച്ച് 21നും ജല്‍ ബോര്‍ഡ് കേസില്‍ 17നും ഹാജരാകാനാണ് നിര്‍ദ്ദേശം. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തി വന്നിരുന്ന മദ്യ വില്‍പ്പനയും ഇടപാടുകളും 2021 നവംബര്‍ 17ന് ആണ് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നടപടിയെടുത്തത്.

വികെ സക്‌സേന ലഫ് ഗവര്‍ണറായി നിയമിതനായതിന് പിന്നാലെ ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ക്രമക്കേടുണ്ടെന്ന് സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് 2023 ജൂലൈ 31ന് മദ്യ നയം പിന്‍വലിക്കുകയായിരുന്നു.

എട്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നുണ്ടായ പരാതികളില്‍ കഴിഞ്ഞ ദിവസം കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശനിയാഴ്ചയാണ് കെജ്രിവാളിന് ഡല്‍ഹി റോസ് അവന്യുവിലുള്ള കോടതി ജാമ്യം അനുവദിച്ചത്.