മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന് എതിരെ തെളിവില്ലെന്ന വാര്‍ത്ത തള്ളി എന്‍.സി.ബി

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന വാര്‍ത്ത നിഷേധിച്ച് എന്‍സിബി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല എന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ സഞ്ജയ് സിങ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരുടെ മൊഴി എടുത്തതായും അദ്ദേഹം അറിയിച്ചു. കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. മറ്റ് ഏഴ് പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം ലഭിച്ചിരുന്നു.