പ്രവർത്തകരുടെ പോരാട്ടവീര്യം കെടുത്തരുത്; മുഖ്യമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിന് എതിരെ ടോണി ചമ്മണി

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സോഷ്യൽ മീഡിയിൽ ചിത്രം പങ്കുവെച്ച ശശി തരൂർ എം.പിക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ടോണി ചമ്മണി. ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പൊലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടവീര്യം കെടുത്തരുതെന്ന് ടോണി ചമ്മിണി ഫെയ്സ്ബുക്കിൽ കുറിച്ചു.

വിശ്വപൗരൻ ആണെന്നതിൽ സന്തോഷമെന്നും ചമ്മണി പരിഹസിച്ചു. അതേസമയം മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിജയപ്രഖ്യാപനവുമായി കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തത് കോൺ​ഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

കോൺഗ്രസിൻ്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്നാണ് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പ്

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ!
ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടവീര്യം കെടുത്തരുത്!
അപേക്ഷയാണ്..