മോദിയെ കുറ്റം പറയരുത്, കല്‍ക്കരി ക്ഷാമത്തിന് കാരണം കോണ്‍ഗ്രസ്; പരിഹസിച്ച് പി ചിദംബരം

 

രാജ്യം കടുത്ത കല്‍ക്കരി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ട്രെയിനുകള്‍ റദ്ദാക്കിയതിലൂടെ ശരിയായ പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നതെന്ന് പി ചിദംബരം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നാല്പ്പതോളം യാത്രാ ട്രെയിനുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.രാജ്യത്ത് നിലനില്ക്കുന്ന രൂക്ഷമായ കല്‍ക്കരിക്ഷാമത്തിനും കാരണം അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസാണെന്നും മോദി സര്‍ക്കാരല്ലെന്നും പി ചിദംബരം പരിഹസിച്ചു.

കല്‍ക്കരി വഹിച്ചുകൊണ്ടുപോകുന്നതിനാണ് യാത്രാ ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തലാക്കിയത്. മോദിസര്‍ക്കാരിന്റെ നിലവാരം കുറഞ്ഞ കല്‍ക്കരി വിതരണ സംവിധാനവും തെറ്റായ ഭരണനയങ്ങളുമാണ് രാജ്യത്തെ രൂക്ഷമായ കല്‍ക്കരി ക്ഷാമത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

സമീപകാലത്തെ ഏറ്റവും വലിയ കല്‍ക്കരി ക്ഷാമമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. നിരവധി സംസ്ഥാനങ്ങള്‍ രൂക്ഷമായ ഊര്‍ജ്ജപ്രതിസന്ധിയില്‍ വലയുകയാണ്. യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നതും രാജ്യത്ത് പടര്‍ന്ന താപതരംഗവുമാണ് കല്‍ക്കരി ക്ഷാമത്തിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.