ഡല്‍ഹി വായു മലിനീകരണം; 24 മണിക്കൂറിനുള്ളില്‍ നടപടി എടുക്കാന്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം

ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. 24 മണിക്കൂറിനുള്ളില്‍ കേന്ദ്രം നടപടി ഒന്നും കൈകൊണ്ടില്ലെങ്കില്‍ വിഷയത്തില്‍ സുപ്രീംകോടതി നേരിട്ട് തീരുമാനം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു.

വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ച്ചയായി ഇത് നാലാം ആഴ്ചയാണ് വായു മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. പല തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മലിനീകരണം വര്‍ദ്ധിച്ചു വരികയാണ്. സമയം പാഴാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല എന്നും കോടതി കുറ്റപ്പെടുത്തി. സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പ് വാക്കില്‍ മാത്രം ഒതുങ്ങി പോകുന്നു എന്നും കോടതി പറഞ്ഞു.

മലിനീകരണം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നതിന് ഡല്‍ഹി സര്‍ക്കാരിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുമ്പോള്‍ കുട്ടികളെ പുറത്തിറക്കിയത് എന്തിനാണ്, ലോക്‌ഡൌണിന് തയ്യാറെന്ന് അറിയിച്ചിട്ട് ഇപ്പോള്‍ തീരുമാനം എന്തായി. ആയിരം സിഎന്‍ജി ബസുകള്‍ വാങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

Read more

വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കേന്ദ്രം രൂപീകരിച്ച കമ്മീഷനെയും കോടതി വിമര്‍ശിച്ചു. മുപ്പതംഗ കമ്മീഷന്‍ കൊണ്ട് ഖജനാവിന് നഷ്ടമുണ്ടായതല്ലാതെ എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അന്ത്യശാസനം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും.