ക്ഷേത്രം തകർത്തതിൽ പ്രതിഷേധം; ദളിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ വികസന അതോറിറ്റി (ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി), പതിനാറാം നൂറ്റാണ്ടിലെ യോഗിയും കവിയുമായ ഗുരു രവിദാസിന് സമർപ്പിച്ചിരുന്ന ഗുരു രവിദാസ് മന്ദിര്‍ എന്ന ക്ഷേത്രം പൊളിച്ചു നീക്കിയതിനെതിരെ നടന്ന വൻ പ്രതിഷേധത്തെ തുടർന്ന് ദളിത് നേതാവ് ചന്ദ്രശേഖർ ആസാദിനെയും മറ്റ് 90 പേരെയും ഇന്നലെ വൈകുന്നേരം സൗത്ത് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമാസക്തരായ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ തല്ലി തകർക്കുകയും രണ്ട് മോട്ടോർസൈക്കിളുകൾക്ക് തീയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 15 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് ഡൽഹിയിലെ തുഗ്ലകാബാദിലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന രവിദാസ് ക്ഷേത്രം ഓഗസ്റ്റ് 10 ന് പൊളിച്ചുനീക്കിയത്. ക്ഷേത്രം അതേ സ്ഥലത്ത് അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പല രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിരുന്നു. രവിദാസിയ മതത്തിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം ക്ഷേത്രത്തിന്റെ പൊളിച്ചുമാറ്റൽ വൈകാരിക വിഷയമാണ്, ഇതിൽ ദളിത് വിഭാഗത്തിലെ ആളുകളും ഉൾപ്പെടുന്നു.

ഭീം സൈന്യത്തിന്റെ തലവനായ ചന്ദ്രശേഖർ ആസാദിനെയും അറസ്റ്റിലായ മറ്റുള്ളവരെയും ഇന്ന് ഡൽഹി കോടതിയിൽ ഹാജരാക്കും.

രാത്രി 7: 30 ഓടെ രവിദാസ് മാർഗിൽ തടിച്ചുകൂടിയ ജനക്കൂട്ടം സമാധാനം കാത്തു സൂക്ഷിക്കണമെന്ന പൊലീസിന്റെ അഭ്യർത്ഥന വകവെയ്ക്കാതെ അക്രമാസക്തരായി, പൊലീസുകാരെ കല്ലെറിഞ്ഞ് ആക്രമിക്കാൻ തുടങ്ങി, മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ ചിൻ‌മോയ് ബിസ്വാൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അതേസമയം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി ഉള്ള റിപ്പോർട്ട് പോലീസ് നിഷേധിച്ചു.

Read more

ക്ഷേത്രം കേന്ദ്ര സർക്കാർ പുനർനിർമ്മിക്കണമെന്നും അതല്ലെങ്കിൽ സ്ഥലം വിശ്വാസികൾക്ക് കൈമാറി അവരെ ക്ഷേത്ര പുനർനിർമ്മാണത്തിന് അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.