നേതൃത്വ പ്രതിസന്ധിക്കിടയിൽ ഓഗസ്റ്റ് 10 ന് കോൺഗ്രസിന്റെ ഉന്നത സമിതി

പാർട്ടിയിലെ നേതൃത്വ പ്രതിസന്ധിക്കിടെ കോൺഗ്രസിന്റെ ഉന്നതതല തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ വർക്കിംഗ് കമ്മിറ്റി ഓഗസ്റ്റ് 10 ന് യോഗം ചേരും. മെയ് മാസത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള ആഗ്രഹം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

സ്ഥാനം ഒഴിയുന്നു എന്ന തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി മെയ് 25 ന് നടന്ന പ്രവർത്തക സമിതിയുടെ “അടച്ച” യോഗത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപിചിരുന്നു. പാർട്ടി നേതാക്കൾ ഇത് സ്വീകരിക്കാൻ പലതവണ വിസമ്മതിച്ചിട്ടും പകരം മറ്റൊരാളെ കണ്ടെത്താൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം രാഹുലിന് ഒരു പിൻഗാമിയെയോ, ഒരു ഇടക്കാല മേധാവിയെയോ പോലും തിരഞ്ഞെടുക്കാൻ പാർട്ടിയിൽ ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല എന്ന ആരോപണമുണ്ട്. നാഥനില്ലാത്ത പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ തനിക്കുള്ള അതൃപ്തി, നേരത്തെ മുതിർന്ന നേതാവ് ശശി തരൂർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ മിക്ക പാർലമെന്റ് അംഗങ്ങളും പാർട്ടിയുടെ അവസ്ഥയിൽ അസ്വസ്ഥരാണെന്നും തരൂർ പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ കനത്ത തോൽവിയുടെ കാരണം രാഹുൽ ഗാന്ധിയുടെ നേതൃത്വമാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു സീറ്റ് പോലും കോൺഗ്രസിന് നേടാനായില്ല. കോൺഗ്രസ് പാർട്ടിക്ക് ഇനിയൊരു നിലനിൽപ്പ് ഉണ്ടാകണമെങ്കിൽ “നെഹ്‌റു-ഗാന്ധി” കുടുംബ സമവാക്യത്തിന് അപ്പുറത്തേക്ക് നീങ്ങേണ്ടതുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.